ഗ്രീക്ക് പ്രതിസന്ധി താത്കാലിക പരിഹാരത്തിലേക്ക്
Tuesday, June 23, 2015 8:11 AM IST
ഏഥന്‍സ്: ഗ്രീസിന്റെ കടക്കെണി സംബന്ധിച്ച പ്രശ്നം താത്കാലിക പരിഹാരത്തിലേക്ക് അടുക്കുന്നതായി സൂചന. അന്താരാഷ്ട്ര ക്രെഡിറ്റര്‍മാരുമായി ഒത്തുതീര്‍പ്പിനു ഗ്രീക്ക് സര്‍ക്കാര്‍ വഴങ്ങുന്നു എന്നാണു വ്യക്തമാകുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയുമേറെ ചെയ്യാന്‍ ശേഷിക്കുന്നു എന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റിന്‍ ലഗാര്‍ഡെ പറയുന്നത്. ഐഎംഎഫിനു അടക്കം ഈ മാസാവസാനത്തിനു മുന്‍പ് ഗ്രീസ് കടങ്ങള്‍ കൊടുത്തു തീര്‍ക്കണം. എന്നാല്‍, ക്രെഡിറ്റര്‍മാരുമായി ധാരണയിലെത്താത്തിനാല്‍ 700 ബില്യന്‍ യൂറോ വരുന്ന രക്ഷാ പാക്കേജിന്റെ അടുത്ത ഘട്ടം റിലീസ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനവുമായിട്ടില്ല.

നേരത്തേ, ക്രെഡിറ്റര്‍മാരുടെ വ്യവസ്ഥകള്‍ യുക്തിസഹമല്ലെന്നായിരുന്നു ഗ്രീസിന്റെ പരാതി. ഈ നിലപാടില്‍ മാറ്റം വന്നു എന്നാണ് ഏറ്റവും പുതിയ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.

ഗ്രീസ് മുന്നോട്ടുവയ്ക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ കൂടുതല്‍ സ്വീകാര്യമാണെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രതികരിച്ചത്. എന്നാല്‍, ഇനി അധികം സമയമില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍