മാഞ്ചസ്റര്‍ തിരുനാളിന് ഇക്കുറി ഉത്പന്നലേലവും
Thursday, June 18, 2015 8:11 AM IST
മാഞ്ചസ്റര്‍: വിഖ്യാതമായ മാഞ്ചസ്റര്‍ തിരുനാളിനു കൊടിയേറാന്‍ ഇനി 10 ദിനങ്ങള്‍ മാത്രം അവശേഷിക്കേ നാട്ടിലെ പള്ളിപ്പെരുന്നാള്‍ അനുഭവങ്ങള്‍ ഓരോന്നായി മാഞ്ചസ്ററിലും പുനരാവിഷ്കരിക്കുന്നു.

പള്ളിപ്പെരുന്നാളുകളിലെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നായ ഉത്പന്നലേലമാണു തനതു ശൈലിയില്‍ ഇക്കുറി മാഞ്ചസ്റര്‍ തിരുനാളില്‍ അരങ്ങേറുന്നത്. തിരുനാളിനു കൊടിയേറുന്ന ജൂണ്‍ 28നു (ഞായര്‍) ദിവ്യബലിയും പ്രസുദേന്തി വാഴ്ചയ്ക്കും ശേഷമാണു ലേലം നടക്കുക. ഇടവകയിലെ കുടുംബങ്ങള്‍ അന്നേദിവസം പള്ളിയില്‍ എത്തിക്കുന്ന വിഭവങ്ങള്‍ ആണു ലേലത്തിനു വയ്ക്കുക. കുടുംബങ്ങളില്‍ ആദ്യമായി ലഭിക്കുന്ന ഫലങ്ങള്‍, പച്ചക്കറികള്‍, ആട്, കോഴികള്‍, തുടങ്ങി മേല്‍ത്തരം വസ്തുക്കള്‍ എല്ലാം പള്ളിക്കു നല്‍ക്കുക എന്നത് പരമ്പരഗതമായി തുടര്‍ന്നു വരുന്ന ആചാരങ്ങളില്‍ ഒന്നാണ്.

പ്രവാസി ആയി ജീവിക്കുമ്പോള്‍ നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന നാട്ടിലെ പള്ളിത്തിരുനാള്‍ അനുഭവങ്ങള്‍ പുതുതലമുറയ്ക്കും പകര്‍ന്നു നല്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന ക്നാനതിരുനാളില്‍ ഇക്കുറി നാടന്‍ അനുഭവങ്ങള്‍ പുനരാവിഷ്കരിക്കുന്നത്.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു (ശനി) രാവിലെ 10ന് പിതാക്കന്‍മാരേയും വൈദികശ്രേഷ്ഠരെയും താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് കമനീയമായി അലങ്കരിച്ച് മോടിയില്‍ വിളങ്ങുന്ന സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബനക്കു തുടക്കമാകും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ഷൂസ്ബറി ബിഷപ് മാര്‍ക്ക് സേവിസ് തിരുനാള്‍ സന്ദേശം നല്‍കും. പൊന്‍വെള്ളികുരിശുകളും മുത്തുകുടകളും ചെണ്ടമേളങ്ങളും സ്കോര്‍ട്ടിഷ് ബാന്‍ഡിന്റെയും അകമ്പടിയോടെ ആഘോഷമായ തിരുനാള്‍പ്രദക്ഷിണം നടക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ചശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. ഇതേസമയം വിശ്വാസികള്‍ക്കു നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും കഴുന്നുകള്‍ എടുക്കുന്നതിനും സൌകര്യമുണ്ടായിരിക്കും.

തിരുനാളിനോടനുബന്ധിച്ച് സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൌണ്ടില്‍ പ്രശസ്ത പിന്നണിഗായകന്‍ കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേള അരങ്ങേറും.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍