സെന്‍ട്രല്‍ മാഞ്ചസ്ററില്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ 11, 12 തീയതികളില്‍
Thursday, June 18, 2015 6:05 AM IST
മാഞ്ചസ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്ററില്‍ ഭാരത ക്രൈസ്തവ സഭയുടെ അപ്പസ്തോലനായ തോമാശ്ളീഹായുടെയും സഹനത്തിന്റെയും ദൈവ സ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ ജൂലൈ 11, 12 തീയതികളില്‍ നടക്കും.

തിരുനാളിനു ഒരുക്കമായി ഇടവകയിലെ വിവിധ വാര്‍ഡുകള്‍ വഴിയായി പത്ത് ദിവസത്തെ നൊവേനയും പ്രാര്‍ഥനകളും നടക്കും.

11നു (ശനി) രാവിലെ 10ന് തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ഇടവക വികാരി ഇയാന്‍ ഫാരല്‍ കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികത്വം വഹിക്കും. ശുശ്രൂഷയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നൊവേനയും നടക്കും.

പ്രധാന തിരുനാള്‍ ദിനമായ 12നു (ഞായര്‍) ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ആഘോഷമായ തിരുനാള്‍കുര്‍ബാനയ്ക്ക് ഫാ. ജ്യോതിഷ് പുറവക്കാട്ട് (ഐഎംഎസ്) മുഖ്യ കാര്‍മികനാകും.

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്നു മുത്തുക്കുടകളും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കമാകും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ചശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. തുടര്‍ന്നു പാരിഷ് ഹാളില്‍ കലാപരിപാടികള്‍ക്കു തുടക്കമാകും. തിരുനാളിനോടനുബന്ധിച്ചു ഫുഡ് സ്റാളുകള്‍ പ്രവര്‍ത്തിക്കും.

ജൂലൈ മൂന്നിനു (വെള്ളി) രാത്രി ഏഴിനു സെന്റ് ജോസഫ് ദേവാലയത്തില്‍ പ്രത്യേക ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍