സൂറിച്ചില്‍ സീറോ മലബാര്‍ കമ്യൂണിറ്റി ദിനാഘോഷം ജൂണ്‍ 26ന്
Tuesday, June 16, 2015 8:18 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡില്‍ സീറോ മലബാര്‍ കമ്യൂണിറ്റി ദിനാഘോഷം ജൂണ്‍ 26നു (വെള്ളി) സൂറിച്ച് സെന്റ് തെരേസാ ദേവാലയത്തില്‍ പ്രൌഡ ഗംഭീരമായി ആഘോഷിക്കും. എല്ലാ വര്‍ഷവും കൊണ്ടാടുന്ന കമ്യൂണിറ്റി ദിനം വിവിധ പരിപാടികളോടെ നടക്കും.

രാവിലെ 10ന് സീറോ മലബാര്‍ യുകെ പള്ളികളുടെ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പറയാടിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന റാസ കുര്‍ബാനയോടെ ആഘോഷങ്ങള്‍ തുടങ്ങും. വിവിധ സന്യാസിവര്യന്മാരും പങ്കാളികളാകും. പ്രശസ്തമായ പള്ളി കൊയര്‍ പാട്ടു കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. 12ന് പള്ളി കമ്മിറ്റി സ്നേഹവിരുന്ന് ഒരുക്കും.

ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്കും നവദമ്പതികള്‍ക്കും സ്വീകരണം നല്‍കും. കൂടാതെ ദാമ്പത്യജീവിതത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കും.

ജോസഫ് മ്ളാവില്‍, സ്റീഫന്‍ വലിയനിലം, ജെയിംസ് ചിറപ്പുറത്ത്, അഗസ്റിന്‍ മാളിയേക്കല്‍, ബേബി വട്ടപ്പാലം എന്നിവരുടെ നേതൃത്വത്തിലുള്ള സൂറിച്ച് പള്ളി കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

പാരമ്പര്യാധിഷ്ടിതമായ റാസ കുര്‍ബാന കാണുവാനും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനുള്ള ഒരവസരം കൂടിയാണ് ഇതെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.

സീറോ മലബാര്‍ കമ്യൂണിറ്റി ദിനാഘോഷത്തില്‍ പങ്കു ചേരുവാന്‍ എല്ലാ വിശ്വാസികളെയും ചാപ്ളെയിന്‍ ഫാ. തോമസ് പ്ളാപള്ളില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍