മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ അന്വേഷണം അവസാനിച്ചു
Sunday, June 14, 2015 7:34 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഫോണ്‍ കോളുകള്‍ യുഎസ് ചാര സംഘടനയായ എന്‍എസ്എ ചോര്‍ത്തിയതു സംബന്ധിച്ച കേസ് ചീഫ് പ്രോസിക്യൂട്ടര്‍ അവസാനിപ്പിച്ചു. ആവശ്യത്തിനു തെളിവില്ലാത്ത സാഹചര്യത്തിലാണു തീരുമാനം.

എന്‍എസ്എ കരാറുകരാനായിരുന്ന എഡ്വേര്‍ഡ് സ്നോഡനാണു ജര്‍മനി - യുഎസ് ബന്ധംതന്നെ ഉലച്ചുകളഞ്ഞ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചത്. തുടര്‍ന്നു ഒരു വര്‍ഷത്തോളം അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവൊന്നും ശേഖരിക്കാനായില്ലെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ഹരാള്‍ഡ് റേഞ്ച് അറിയിച്ചു.

യഥാര്‍ഥത്തില്‍, യുഎസ് അധികൃതര്‍ പരോക്ഷമായി സ്ഥിരീകരിച്ചതായിരുന്നു ഈ ആരോപണം, ചാന്‍സലറുടെ സെല്‍ ഫോണ്‍ 'ഇപ്പോള്‍' ലക്ഷ്യം വയ്ക്കുന്നില്ലെന്നൊരു വിശദീകരണം വൈറ്റ് ഹൌസ് നല്‍കിയിരുന്നു. എന്നാല്‍, ഈ പ്രസ്താവന വ്യക്തമായിരുന്നില്ലെന്നാണു പ്രോസിക്യൂഷന്റെ നിലപാട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍