ബേസിംഗ് സ്റോക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കായികദിനം ജൂണ്‍ 13ന്
Thursday, June 11, 2015 5:29 AM IST
ലണ്ടന്‍: ബേസിംഗ് സ്റോക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ജൂണ്‍ 13നു (ശനി) കായികദിനമായി ആഘോഷിക്കുന്നു. രാവിലെ 10ന് ഓള്‍വര്‍ത്ത് സയന്‍സ് കോളജ് മൈതാനത്താണു സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷനും മാര്‍ച്ച് ഫാസ്റിനും ശേഷം പതിനൊന്നോടെ മത്സരങ്ങള്‍ ആരംഭിക്കും. ഓട്ടം, ലോംഗ്ജംപ്, ത്രോ ഇനങ്ങള്‍ കൂടാതെ വനിതാ, പുരുഷ വിഭാഗങ്ങള്‍ക്കായി ഒട്ടേറെ കൌതുകമത്സരങ്ങളും ഉണ്ടായിരിക്കും.

കിഡ്സ്, സബ്ജൂണിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. ഉച്ചഭഷണവും ശീതളപാനീയങ്ങളും പതിവുപോലെ ക്രമീകരിക്കുന്നുണ്ട്. കൂടാതെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു പ്രത്യേക ഫീസുകള്‍ ഒന്നുംതന്നെ ഈടാക്കുന്നതല്ല. മത്സര ഇങ്ങള്‍, ഓരോ ഗ്രൂപ്പിലെയും തരം തിരിച്ചറിയാന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കായിക മത്സരങ്ങള്‍ക്കുശേഷം ഫുട്ബോള്‍ മത്സരം ഉണ്ടാവും. മത്സരത്തില്‍നിന്നു സെലക്ട് ചെയ്യുന്നവരെ ഉള്‍പ്പെടുത്തി ഒരു ഫുട്ബോള്‍ ടീം രൂപവത്കരിക്കാനും പദ്ധതിയുണ്ട്. ഒട്ടേറെ മത്സരങ്ങളില്‍ വിജയം വരിച്ച പ്രബലമായ വടംവലി ടീം സംഘടനയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതിനെ അന്നേ ദിവസം പുനഃസംഘടിപ്പിക്കുന്നതുമായിരിക്കും.

ബേസിംഗ് സ്റോക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ബൃഹത്തായ ഒട്ടേറെ പരിപാടികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്നതും ചാരിറ്റിക്ക് ഏറെ പ്രാധാന്യം നല്‍കുന്നതും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതും സാമൂഹികവും മാനസികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതും ഇതര എത്നിക് മൈനോരിറ്റികളുമായി ഇടപഴകുന്നതിനും മലയാളത്തനിമയും ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനും യോഗ്യമായ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ പരിപാടികളും വിജയകരം ആക്കുവാന്‍ ബേസിംഗ് സ്റോക് നിവാസികളുടെ അകമഴിഞ്ഞ സഹകരണം പ്രസിഡന്റ് സാം തിരുവാതിലില്‍, സെക്രട്ടറി സജു സ്റീഫന്‍ എന്നിവര്‍ സംയുക്തമായി അഭ്യര്‍ഥിച്ചു.

ജൂണ്‍ 20നു (ശനി) വൈകുന്നേരം നടക്കുന്ന ബാര്‍ബിക്യു പരിപാടിയുടെ വിശദാംശം അറിയുവാനും പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.