വിയന്നയിലെ ഡ്രൈവറില്ലാത്ത ആദ്യ മെട്രോ തീവണ്ടി 2023ല്‍ ഓടിത്തുടങ്ങും
Thursday, June 11, 2015 5:29 AM IST
വിയന്ന: ഡ്രൈവറില്ലാത്ത ആദ്യ മെട്രോ തീവണ്ടി 2023ല്‍ വിയന്നയില്‍ ഓടിത്തുടങ്ങും. കാറല്‍പ്ളാറ്റ്സില്‍നിന്നു പഴയ അക്കഹയിലേക്കാണ് ആദ്യ സര്‍വീസ്. 2025 മുതല്‍ ഹേര്‍ണാല്‍സിലെ എള്‍ട്ടര്‍ലൈന്‍ പ്ളാറ്റ്സിലേക്ക് വണ്ടി ഓടിത്തുടങ്ങും. നൂറുശതമാനം ഹൈടെക് തീവണ്ടികളായിരിക്കും സര്‍വീസ് നടത്തുക.

2016 ഓടുകൂടി 45 പുതിയ ഫുള്‍ ഓട്ടോമാറ്റിക് ട്രെയിനുകള്‍ വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വാങ്ങിക്കും. പുതിയ ഓട്ടോമാറ്റിക് വണ്ടികള്‍ ട്രാക്കില്‍ എത്തുന്നതോടെ ഘട്ടംഘട്ടമായി നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന പഴയ സില്‍വര്‍ ആരോ വണ്ടികള്‍ (24 വണ്ടികള്‍) ട്രാക്കില്‍നിന്ന് ഒഴിവാക്കും.

പുതിയ വണ്ടികള്‍ എല്ലാം തന്നെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയനുസരിച്ചാകും ഓടുന്നത്. മെട്രോ 5 മാത്രമായിരിക്കില്ല. മറ്റു ലൈനുകളും ആധുനികവത്കരിക്കും. മെട്രോ 5 നിലവില്‍ വരുന്നതോടു കൂടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിനും കൂടുതല്‍ യാത്രക്കാരെ കൃത്യസമയത്ത് കൃത്യസ്ഥലങ്ങളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനും വിയന്ന മെട്രോയ്ക്കു കഴിയുമെന്നു വിയന്ന മെട്രോയുടെ വക്താവ് വെളിപ്പെടുത്തി.

ഓട്ടോമാറ്റിക് മെട്രോ ലൈന്‍ നിലവില്‍ വരുന്നതോടുകൂടി വിയന്ന മെട്രോയും പാരിസ്, ബാര്‍സ്ലോണ മെട്രോകളെപ്പോലെ ഡ്രൈവറെ കൂടാതെ വണ്ടികള്‍ ഓടിക്കുന്നതില്‍ പര്യാപ്തമാകും. എന്നാല്‍ നാലു ലക്ഷത്തോളം തൊഴിലില്ലാത്തവര്‍ നിലവിലുള്ള സ്ഥലത്ത് ഡ്രൈവര്‍ ഇല്ലാതെയുള്ള വണ്ടികള്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍