യൂറോപ്പ് ലീഗ് കിരീടം സെവിയ്യ നേടി
Thursday, May 28, 2015 8:21 AM IST
വാഴ്സോ: ഏറ്റവും വലിയ യൂറോപ്യന്‍ ക്ളബ്ബ് ട്രോഫികളില്‍ രണ്ടാം സ്ഥാനത്തുള്ള യൂറോപ്പ് ലീഗ് കിരീടത്തിനു സെവിയ്യ അര്‍ഹത നേടി. ഒമ്പതു വര്‍ഷത്തിനിടെ നാലാം തവണയാണു സ്പാനിഷ് ക്ളബ്ബ്, യൂറോപ്പ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.

നെയ്പര്‍ നെപ്രോപെട്രോവ്സ്കിനെതിരേ 3-2 വിജയമാണു സെവിയ്യ കുറിച്ചത്. കൊളംബിയന്‍ താരം കാര്‍ലോസ് ബാക്ക കളിയുടെ വിധി നിര്‍ണയിച്ച രണ്ടു ഗോളുകള്‍ക്ക് ഉടമയായി.

പോളിഷ് താരം ഗ്രെസ്ഗോര്‍സ് ക്രൈചോവിയാക്കിലൂടെ ഇരുപത്തെട്ടാം മിനിറ്റിലാണ് സെവിയ്യ ആദ്യ ഗോള്‍ നേടിയത്. 31, 73 മിനിറ്റുകളിലായിരുന്നു ബാക്കയുടെ ഗോളുകള്‍.

ഈ നേട്ടത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനും സെവിയ യോഗ്യത ഉറപ്പാക്കി. ഏഴാം മിനിറ്റില്‍ നെയ്പറിനായി നിക്കോള കാലിനിച്ചാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, 28, 31 മിനിറ്റുകളിലെ ഗോളുകളിലൂടെ സെവിയ്യ ഒപ്പം പിടിച്ചു. നാല്‍പ്പത്തിനാലാം മിനിറ്റില്‍ റുസ്ളാന്‍ റോട്ടനിലൂടെ എതിരാളികള്‍ സമനില കണ്ടെത്തിയെങ്കിലും ബാക്കയുടെ രണ്ടാം ഗോള്‍ മത്സരഫലം നിര്‍ണയിക്കുകയായിരുന്നു.

വാഴ്സോയില്‍ നടന്ന മല്‍സരത്തില്‍ വിജയികള്‍ക്കു യുവേഫാ പ്രസിഡന്റ് മിഷല്‍ പ്ളാറ്റിനി കപ്പ് സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍