അഞ്ചാം വട്ടവും ഫിഫ പ്രസിഡന്റാകാമെന്ന ആത്മവിശ്വാസത്തോടെ സെപ് ബ്ളാറ്റര്‍
Wednesday, May 27, 2015 8:24 AM IST
ബര്‍ലിന്‍: ഫിഫയുടെ പ്രസിഡന്റായി തുടര്‍ച്ചയായ അഞ്ചാം വട്ടവും തെരഞ്ഞെടുക്കപ്പെടുമെന്നു സെപ് ബ്ളാറ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലൂയി ഫിഗോ അടക്കമുള്ളവര്‍ മത്സരത്തില്‍നിന്നു പിന്‍മാറിയതോടെ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനുമായി നേരിട്ടാണു ബ്ളാറ്റര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.

തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറിയവരും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയെപ്പോലുള്ള പ്രമുഖരും ജോര്‍ദാന്‍ രാജകുമാരന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബ്ളാറ്ററുടെ സാധ്യതകള്‍ മങ്ങി എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

നിലവില്‍ ഫിഫ വൈസ് പ്രസിഡന്റാണു രാജകുമാരന്‍. യൂറോപ്യന്‍ ഫുട്ബോളിലെ പ്രമുഖര്‍ പലരും അദ്ദേഹത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ഇപ്പോള്‍ നേരിയ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നതു ബ്ളാറ്റര്‍ക്കു തന്നെ.

209 ഫെഡറേഷനുകള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഇതില്‍ 35 എണ്ണത്തെ പ്രതിനിധീകരിക്കുന്ന കോണ്‍കകാഫിന്റെ യോഗത്തിനെത്തിയപ്പോഴാണു ബ്ളാറ്ററുടെ ആത്മവിശ്വാസ പ്രകടനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍