ഹോളണ്ടില്‍ പൊതുസ്ഥലത്തു പര്‍ദ്ദ നിരോധിച്ചു
Monday, May 25, 2015 6:50 AM IST
ആംസ്റര്‍ഡാം: പൊതു സ്ഥലത്ത് പര്‍ദ്ദ നിരോധിക്കാന്‍ ഹോളണ്ട് (നെതര്‍ലന്‍ഡ്സ്) മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ പര്‍ദ്ദ എന്ന വസ്ത്രത്തെ പൂര്‍ണമായി നിരോധിക്കാന്‍ മന്ത്രിസഭ ഉദ്ദേശിക്കുന്നില്ല. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നീ പൊതുസ്ഥലങ്ങളില്‍ പൂര്‍ണമായും മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദകള്‍ ധരിക്കുന്നതിനെയാണു വിലക്കുന്നത്. സര്‍ക്കാര്‍ വക കെട്ടിടങ്ങളിലും പര്‍ദ്ദ നിരോധനം ഉണ്ടാകും.

നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയാണ് ഇക്കാര്യം അറിയിച്ചത്. മേയ് 22 നു മന്ത്രിസഭ എടുത്ത തീരുമാനമാണിത്. മതപരമായ എന്തെങ്കിലും വിരോധത്തിന്റെ ഭാഗമായിട്ടല്ല ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പര്‍ദ്ദ ധരിച്ച് ഒരിടത്തും പുറത്തുപോകാന്‍ പാടില്ലെന്നു ഹോളണ്ടില്‍ താസിക്കുന്ന മുസ്ലിം സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. റോഡില്‍ ബുര്‍ഖ ധരിച്ച് നടക്കുന്നതിനു ഒരു നിരോധനവും ഇല്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആളുകളുടെ മുഖം വ്യക്തമായി കാണേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനം നിയമവിദഗ്ധ സമിതിക്കു കൈമാറി. നിയമം നടപ്പാക്കി തുടങ്ങിയാല്‍ ഇതു ലംഘിക്കുന്നവര്‍ക്ക് 405 യൂറോ (28,000 രൂപ) ആണു പിഴശിക്ഷ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍