ഇറ്റലി ഐഎസ് വിരുദ്ധ പദ്ധതി പുനരവലോകനം ചെയ്യുന്നു
Saturday, May 23, 2015 8:43 AM IST
റോം: ഇസ്ലമിക് സ്റേറ്റ് ഭീകരര്‍ സിറിയയിലും ഇറാക്കിലും കൂടുതല്‍ കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ ഇവരെ നേരിടാനുള്ള പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇറ്റലി തീരുമാനിച്ചു. റോം കീഴടക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഐഎസ് നേതാക്കള്‍ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്.

യുനെസ്കോ പൈതൃക പട്ടികയിലുള്ള പാല്‍മിറ വരെ ഐഎസ് ഭീകരര്‍ പിടിച്ചെടുത്തുകഴിഞ്ഞു. ഇവിടത്തെ പുരാതന ശേഷിപ്പുകള്‍ ഇവര്‍ നശിപ്പിച്ചു കളയാനോ, കൊള്ളയടിച്ച് വിദേശ രാജ്യങ്ങളില്‍ അനധികൃതമായി വില്‍ക്കാനോ സാധ്യത ഏറെയാണ്.

ഇത്തരം ഭീഷണികള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഇസ്ലാമിക് സ്റേറ്റ് വിരുദ്ധ സഖ്യത്തിന്റെ യോഗം ഉടന്‍ ചേരുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവ്ലോ ജെന്റിലോണി അറിയിച്ചു. പാരീസിലാണ് യോഗം ചേരാന്‍ ഉദ്ദേശിക്കുന്നത്.

ഇപ്പോള്‍ സിറിയയുടെ പകുതിയോളം ഭാഗം ഐഎസിന്റെ നിയന്ത്രണത്തിലാണെന്നാണ് കരുതപ്പെടുന്നത്. ഇറാക്കിലെ റമാദിയും പിടിച്ചെടുത്തുകഴിഞ്ഞു. വൈകാതെ ബാഗ്ദാദ് പിടിച്ചെടുക്കുമെന്നാണ് ഭീഷണി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍