ജര്‍മനിയില്‍ വീടുകളിലെ മോഷണം ഒഴിവാക്കാന്‍ ധനസഹായം
Thursday, May 21, 2015 8:10 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ വീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും വര്‍ധിച്ചു വരുന്ന മോഷണം ഒഴിവാക്കാന്‍ ധനസഹായം നല്‍കാന്‍ 10 മില്യണ്‍ യൂറോ ജര്‍മന്‍ ബജറ്റില്‍ വകകൊള്ളിച്ചു.

മോഷണം ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണവും അതിന്റെ ചെലവും ഒരു അംഗീകൃത കമ്പനി തയാറാക്കിയത് ഓരോ സ്ഥലത്തെയും ലോക്കല്‍ നിര്‍മാണ വകുപ്പു ഓഫീസുകളില്‍ (ബൌ ആംന്റ്) സമര്‍പ്പിക്കണം. ഈ ലോക്കല്‍ നിര്‍മാണ വകുപ്പ് ഓഫീസിന്റെ അംഗീകാരം ലഭിച്ച അപേക്ഷകള്‍ കെഎഫ്ഡബ്ള്യു ബാങ്കില്‍ സമര്‍പ്പിച്ച് ഈ ധനസഹായം കൈപ്പറ്റാം.

മിനിമം 500 യൂറോ ചെലവുവരുന്ന സുരക്ഷാ ക്രമീകരണ നിര്‍മാണത്തിനു 20 ശതമാനം ധന സഹായം ലഭിക്കും. ഈ ധനസഹായ തുക തിരിച്ചടയ്ക്കേണ്ട തില്ല. പരമാവധി ലഭിക്കുന്ന സുരക്ഷാ ക്രമീകരണ നിര്‍മാണച്ചെലവ് ധന സഹായം 1500 യൂറോ ആണ്. ജര്‍മനിയില്‍ താമസിക്കുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനത്തിനും സ്വന്തമായി വീടുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്ളതുകൊണ്ട് മോഷണം തടയാന്‍ സുരക്ഷാ ക്രമീകരണ നിര്‍മാണം നടത്തി സര്‍ക്കാര്‍ ധനസഹായം വാങ്ങാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക്: ലോക്കല്‍ ബൌ ആംന്റിനെയോ, കെഎഫ്ഡബ്ള്യു ബാങ്കിനെയോ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍