സ്വിറ്റ്സര്‍ലന്‍ഡില്‍ നാട്യകല ഡാന്‍സ് സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Tuesday, May 19, 2015 8:05 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ കലാ സംസ്കാരത്തിനു പുതിയൊരു മുഖം നല്‍കിയ 'നാട്യകല'യ്ക്ക് ഒരു വയസ് പൂര്‍ത്തിയായി.

മേയ് 17ന് സൂറിച്ചില്‍ നടന്ന നാട്യകലയുടെ ആദ്യ വാര്‍ഷികത്തിന്റെ ചടങ്ങില്‍ വിശിഷ്ടാതിഥികളായെത്തിയ പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ ഭാര്യ ദീപ സന്തോഷ്, അന്തരിച്ച മലയാളത്തിന്റെ പ്രമുഖ ഗായകന്‍ ഉദയഭാനുവിന്റെ മരുമകളായ സരിത രാജീവ് എന്നിവര്‍ക്കൊപ്പം സണ്ണി കിരിയാന്താന്‍, മേരിക്കുട്ടി കിരിയാന്താന്‍, എല്‍ബിന്‍, സ്മിത എന്നിവര്‍ ചേര്‍ന്നു തിരിതെളിച്ചു ചടങ്ങിനു തുടക്കം കുറിച്ചു.

സ്മിത കിരിയന്താന്‍ എബി സ്വാഗതം ആശംസിച്ചു. തുടര്‍ന്നു നാട്യകലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധയിനം നൃത്ത പരിപാടികള്‍ അരങ്ങേറി.

മൂന്നര വയസിനു മുകളിലുള്ള കുട്ടികളെയാണ് നൃത്തം അഭ്യസിക്കുന്നതിനായി നാട്യകലയിലേക്ക് എടുക്കുന്നത്. ഇപ്പോള്‍ രണ്ടു ബാച്ചുകളായാണു ക്ളാസുകള്‍ നടക്കുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞാണു റെഗുലര്‍ ക്ളാസുകള്‍ നടക്കുക. ആവശ്യക്കാര്‍ക്ക് സ്പെഷല്‍ ക്ളാസുകളും സിംഗിള്‍ ക്ളാസുകളും ലഭ്യമാണ്. ഇന്ത്യന്‍ ക്ളാസിക്കല്‍, സെമി ക്ളാസിക്കല്‍, ബോളിവുഡ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നീ വിഭാഗങ്ങള്‍ നാട്യകലയില്‍ അഭ്യസിക്കാന്‍ സാധിക്കും.

മുതിര്‍ന്നവര്‍ക്കുവേണ്ടി നാട്യകല സംഘടിപ്പിച്ച ആദ്യ വര്‍ക്ഷോപ്പ് ഒരു വമ്പിച്ച വിജയമായിരുന്നു. നൃത്ത പഠനത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും ശരീരത്തിനു മികച്ച ഒരു വര്‍ക്ക് ഔട്ട് ലഭിക്കാനും വേണ്ടിയായിരുന്നു വര്‍ക്ഷോപ്പ് സംഘടിപ്പിച്ചത്. ഒരു സ്വിസ് പ്രൈമറി സ്കൂളുമായും ഒരു ഫൌണ്േടഷനുമായുമുള്ള പ്രവര്‍ത്തനവും നാട്യകലയ്ക്ക് അഭിമാനിക്കാനുള്ള വകയാണ്.

സണ്ണി കിരിയാന്താന്‍ നന്ദി പറഞ്ഞു. ബെന്‍സണ്‍ പഴയാട്ടില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ജോജി മൂഞ്ചെലില്‍ ചടങ്ങിന്റെ ഫോട്ടോകളും സജി കൊച്ചപ്പിള്ളിയും അലക്സ് കിരിയന്താനും വീഡിയോഗ്രാഫിയും കൈകാര്യം ചെയ്തു. ഇന്ത്യന്‍ ഡ്രീംസ് ആണു ഭക്ഷണമൊരുക്കിയത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍