നോട്ടിംഗ്ഹാമില്‍ യുകെ സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേഷന്‍ കൌണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം നടത്തി
Monday, May 18, 2015 8:03 AM IST
നോട്ടിംഗ്ഹാം: യുകെയില്‍ സന്ദര്‍ശനം നടത്തുന്ന പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്യന്‍ വടക്കേലിന്റെ അധ്യക്ഷതയില്‍ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം നോട്ടിംഗ്ഹാം ഗുഡ്ഷെപ്പേര്‍ഡ് ദേവാലയത്തില്‍ നടന്നു.

രാവിലെ 11നു പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് പൊന്നേത്ത് സ്വാഗതവും ജോ. സെക്രട്ടറി സാജു പോള്‍ (മിഡില്‍സ്ബ്രോ ഡയസസ്) റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഓരോ ഇടവകകളില്‍നിന്നു കേന്ദ്രീയ സമിതിയിലേക്കായി ഫണ്ടു ശേഖരണം നടത്തണമെന്നും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കായി ഒരു കേന്ദ്ര സ്ഥാപനത്തിനായി എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മാര്‍ വടക്കേല്‍ പറഞ്ഞു. സീറോ മലബാര്‍ സഭാംഗങ്ങളുടെ വളര്‍ച്ച ശക്തമാക്കുന്നതിനായി വിവിധ രൂപതകളിലെ ബിഷപ്പുമാരുമായി മാര്‍ വടക്കേല്‍ കൂടിക്കാഴ്ചകള്‍ നടത്തി.

ആഗോള സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അതിന്റെ ഭരണഘടന സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കുന്നതിനു ഫാ. തോമസ് തൈക്കൂട്ടം, ഫാ. ടോമി ചിറക്കല്‍ മണവാളന്‍, മാത്യു ജോസഫ് (ഹെക്സാം ആന്‍ഡ് ന്യൂകാസില്‍), ജോസഫ് വര്‍ക്കി (ബ്രെന്റ്വുഡ്), ജോണ്‍ കുര്യന്‍ (ലീഡ്സ്) എന്നിവരെ ചുമതലപ്പെടുത്തി.

വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനു കമ്മിറ്റികള്‍ രൂപവത്കരിച്ചു. വിശ്വാസ പരിശീലനം അടുത്ത അധ്യയന വര്‍ഷം മുതല്‍ എകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഫാ. മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ ഫാ. സെബാസ്റ്യന്‍ നാമറ്റം, സഞ്ചയ് ജോസഫ് (മിഡില്‍സ്ബ്രോ), സിബി തോമസ് (ഹെക്സാം ആന്‍ഡ് ന്യുകാസില്‍), സജി മാനുവല്‍ (ബ്രെന്റ്വുഡ്) എന്നിവരെയും യുവജന സംഘടനയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഫാ. ബിജു കുന്നക്കാടിന്റെ നേതൃത്വത്തില്‍ ഫാ. ടെറിന്‍ മുല്ലക്കര, ബാബു ജോസഫ് (നോട്ടിംഗ്ഹാം), ജസ്റിന്‍ ജോസഫ് (സതക്), ട്രീസ ഡേവിഡ് (ലീഡ്സ്) എന്നിവരെയും മുതിര്‍ന്നവരുടെ തുടര്‍ വിശ്വാസ പരിശീലനം, ധ്യാനം, സെമിനാര്‍ തുടങ്ങിയവ ക്രമീകരിക്കുന്നതിനായി ഫാ. ജയ്സണ്‍ കരിപ്പായ്, ഫാ. ഫിലിപ്പ് പന്തമാക്കന്‍, ജോയ് മാത്യു (ബര്‍മിംഗ്ഹാം), ജോജി ചെറിയാന്‍ (ഈസ്റ് ആന്‍ഗ്ളിയ) എന്നിവരെയും സാമ്പത്തിക കാര്യ നിര്‍വഹണത്തിനായി ഫാ. ലോനപ്പന്‍ അരങ്ങാശേരി, വര്‍ഗീസ് തോമസ് (ഹെക്സാം ആന്‍ഡ് ന്യുകാസില്‍), മനോജ് സെബാസ്റ്യന്‍ (ബര്‍മിംഗ്ഹാം) എന്നിവരെയും ചുമതലപ്പെടുത്തി.

കൌണ്‍സില്‍ അംഗങ്ങള്‍ തങ്കളുടെ ആശയങ്ങളും ആശങ്കകളും സമ്മേളനത്തില്‍ പങ്കുവച്ചു. സഭയുടെ തനിമയില്‍ ഉറച്ചുനിന്നുകൊണ്ട് വിശ്വാസ ജീവിതം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെടുത്തിയ മാര്‍ വടക്കേല്‍, സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അല്‍മായരുടെ ആത്മാര്‍പ്പണത്തെ ശ്ളാഘിക്കുകയും ചെയ്തു. യുകെ സീറോ മലബാര്‍ സഭയുടെ പുതിയ വെബ്സൈറ്റ് സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്തു.

സീറോ മലബാര്‍ സഭാവിശ്വാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും വിവിധ രൂപതകളില്‍നിന്നും തെരഞ്ഞെടുക്കപെട്ട 27 അല്‍മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് പാറടിയില്‍ നേതൃത്വം ചടങ്ങിനു നല്‍കി. തോമസ് പാറടിയില്‍ നന്ദി പറഞ്ഞു. തുടര്‍ന്നു സ്വര്‍ഗാരോഹണ തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.