ജര്‍മനി സ്വീകരിച്ചത് യൂറോപ്പിലെ 25 ശതമാനം അഭയാര്‍ഥികളെ
Friday, May 15, 2015 8:08 AM IST
ബര്‍ലിന്‍: ആഫ്രിക്കയില്‍നിന്നു മധ്യപൂര്‍വേഷ്യയില്‍നിന്നും യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ ഉത്തരവാദിത്വം യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ പങ്കിട്ടെടുക്കുക എന്ന നിര്‍ദേശം ഉയര്‍ന്നതിനു പിന്നാലെ, ഓരോ രാജ്യവും സ്വീകരിച്ച അഭയാര്‍ഥികളുടെ കണക്ക് യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ടു. ഇതനുസരിച്ച്, യൂറോപ്പിലെത്തിയ ആകെ അഭയാര്‍ഥികളില്‍ 25 ശതമാനത്തെയും സ്വീകരിച്ചിരിക്കുന്നത് ജര്‍മനി ഒറ്റയ്ക്കാണ്.

അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു ക്വോട്ട സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നു വാദിക്കുന്നവരില്‍ പ്രമുഖയാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. യൂറോപ്യന്‍ യൂണിയനില്‍ ആകമാനം അഭയം കിട്ടിയത് 1,84,665 പേര്‍ക്കാണ്. ഇതില്‍ 47,555 പേരുടെയും അപേക്ഷകള്‍ അനുവദിച്ചത് ജര്‍മനിയും.

ജര്‍മനിയില്‍ അഭയം കിട്ടിയവരില്‍ പകുതിയും സിറിയയില്‍നിന്നുള്ളവരാണ്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ശേഷിക്കുന്നവരില്‍ കൂടുതല്‍.

പ്രതിശീര്‍ഷ കണക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അഭയം നല്‍കിയിരിക്കുന്ന യൂറോപ്യന്‍ രാജ്യം സ്വീഡനാണ്. 9.6 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് അവര്‍ 33,000 അഭയാര്‍ഥികള്‍ക്ക് ആശ്വാസമേകി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍