പ്രിസ്റണില്‍ മാര്‍ സെബാസ്റ്യന്‍ വടക്കേലിനും ബിഷപ് മൈക്കിള്‍ കാംപ്ബെല്ലിനും സ്വീകരണം മേയ് 17ന്
Friday, May 15, 2015 5:05 AM IST
പ്രിസ്റണ്‍: യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്കും അംഗീകാരത്തിനും നാന്ദി കുറിച്ചുകൊണ്ട് കൈവരിച്ച പ്രഥമ ദേവാലയവും രണ്ടു വ്യക്തിഗത ഇടവകകളും സന്ദര്‍ശിക്കുന്നതിനു സീറോ മലബാര്‍ സഭയുടെ മൈഗ്രന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ മേയ് 17 നു (ഞായര്‍) പ്രിസ്റനില്‍ എത്തുന്നു.

യുകെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍, മാര്‍ വടക്കേലിനെ അനുധാവനം ചെയ്യുന്നുണ്ട്.

ഞായര്‍ രാവിലെ 9.30 നു പ്രിസ്റണ്‍ ദേവാലയത്തില്‍ എത്തിച്ചേരുന്ന ലങ്കാസ്റര്‍ ബിഷപ് മൈക്കിള്‍ കാംപ്ബെല്ലിനും മൈഗ്രന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്യന്‍ വടക്കേലിനും ഊഷ്മള വരവേല്‍പ്പു നല്‍കും. സീറോ മലബാര്‍ സഭക്ക് ഈ സംവിധാനങ്ങള്‍ അനുവദിച്ചു അനുഗ്രഹിച്ച ലങ്കാസ്ററിലെ രൂപതാധ്യക്ഷന്‍ മൈക്കിള്‍ കാംപ്ബെലിനെ നേരില്‍ കണ്ടു മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ ഔദ്യോഗിക നന്ദിയും, കടപ്പാടും അറിയിക്കും.

സീറോ മലബാര്‍ സഭയുടെ ലങ്കാസ്ററിലെ ചാപ്ളെയിനും സഭക്ക് ഈ നേട്ടം കൈവരിക്കുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ മുഖ്യ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഇടവക വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍ അച്ചന്‍, തന്റെ ശ്രദ്ധേയമായ അജപാലന സേവന മികവും,ലങ്കാസ്റര്‍ രൂപതയില്‍ നേടിയെടുത്ത വിശ്വാസവും, ബന്ധവും സഭക്ക് മുതല്‍ക്കൂട്ട് ആക്കുകയായിരുന്നു. ലങ്കാസ്റര്‍ രൂപതയിലെത്തുന്ന വിഷിഷ്ടാതിതികളെ മാത്യു അച്ചന്‍ സ്വാഗതം ചെയ്യുന്നതായിരിക്കും.

ലങ്കാസ്റര്‍ ചാപ്ളെയിനും ഇടവക വികാരിയുമായ ഫാ. മാത്യു ചൂരപൊയ്കയിലിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സ്വീകരണത്തിനു ശേഷം ആഘോഷമായ സമൂഹ കൃതജ്ഞതാബലിക്ക് മാര്‍ വടക്കേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കും. ബിഷപ് മൈക്കിള്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. ഫാ. തോമസ് പാറയടിയിലും ഫാ. മാത്യു ചൂരപൊയ്കയിലും സഹ കാര്‍മികരാവും.

സീറോ മലബാര്‍ സഭയുടെ വിശുദ്ധ അല്‍ഫോന്‍സാ പാരീഷില്‍ നടക്കുന്ന കൃതജ്ഞതാ ബലിയിലും സ്വീകരണത്തിലും എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഫാ. മാത്യു ചൂരപൊയ്കയിലും പാരീഷ് കമ്മിറ്റിയും അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ