65 വയസിനുശേഷം ജോലി ചെയ്യുന്ന ജര്‍മന്‍കാരുടെ എണ്ണം കൂടുന്നു
Thursday, May 14, 2015 8:10 AM IST
ബര്‍ലിന്‍: 65 വയസുവരെ ജോലി ചെയ്യുന്ന ജര്‍മന്‍കാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടായതായി കൊളോണിലെ ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമായി.

വയസ് 96 ആയിട്ടും ആഴ്ചയില്‍ നാല്‍പ്പത് മണിക്കൂര്‍ ജോലി ചെയ്യുന്ന മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് ഷ്മിറ്റിന്റെ ഉദാഹരണവും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏറെ ആവശ്യക്കാരുള്ള പ്രഭാഷകനാണ് ഇപ്പോഴും അദ്ദേഹം. നിരന്തരമായ ജോലിയും ചെയിന്‍ സ്മോക്കിംഗുമാണു തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു വരെ അദ്ദേഹം അടുത്തിടെ തട്ടിവിട്ടു.

മുമ്പൊക്കെ ആളുകള്‍ക്കു റിട്ടയര്‍മെന്റ് ജീവിതം അധികം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം, റിട്ടയര്‍ ചെയ്ത് ഏറെ വൈകും മുന്‍പേ മരിക്കും. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. ഞാന്‍ തന്നെയാണ് ഉദാഹരണം- ഷ്മിറ്റ് പറഞ്ഞു.

വിരമിക്കല്‍ പ്രായം ഉയര്‍ത്തുക എന്നത് ഏതാനും വര്‍ഷങ്ങളായി ജര്‍മനിയിലെ പ്രധാന തര്‍ക്ക വിഷയങ്ങളിലൊന്നാണ്. ലോകത്തുതന്നെ ഏറ്റവും പ്രായമേറിയ ജനതയാണ് ജര്‍മനിയിലേത്. ഈ സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നു വാദിക്കുന്നവര്‍ ഏറെ.

വിരമിക്കല്‍ പ്രായം 67 ആക്കാന്‍ ഇടക്കാലത്ത് നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട്, സോഷ്യല്‍ സെക്യൂരിറ്റിയിലേക്ക് 45 വര്‍ഷം സംഭാവന ചെയ്തവര്‍ക്ക് 63-ാം വയസില്‍ വിരമിക്കാമെന്ന ഇളവാണ് നല്‍കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍