ബയേണ്‍ ജയിച്ചു പുറത്തായി, ബാഴ്സ ഫൈനലില്‍
Wednesday, May 13, 2015 8:15 AM IST
മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്സലോണയെ രണ്ടിനെതിരേ മൂന്നു ഗോളിനു മറികടന്ന് ബയേണ്‍ മ്യൂണിക്ക് ഫോമില്‍ തിരിച്ചെത്തിയെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍നിന്നു പുറത്തായി. പക്ഷേ, വിജയം വൈകിപ്പോയി എന്നു മാത്രം.

എന്നാല്‍, ആദ്യ പാദത്തില്‍ ബയേണിനെതിരെ നേടിയ 3-0 വിജയത്തിന്റെ ബലത്തില്‍ ബാഴ്സ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. അഗ്രഗേറ്റ് സ്കോര്‍ 5-3.

പോര്‍ട്ടോയ്ക്കെതിരായ ഗോള്‍വ്യത്യാസം ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ അവിശ്വസനീയമാം വിധം മറികടന്ന പ്രകടനം ബാഴ്സയ്ക്കെതിരേയും ആവര്‍ത്തിക്കുമെന്ന് ഒരു ഘട്ടത്തില്‍ ബയേണ്‍ പ്രതീക്ഷയുണര്‍ത്തി. എന്നാല്‍, മെദി ബെനേഷ്യ തുടക്കത്തിലേ നേടിക്കൊടുത്ത ലീഡ് നെയ്മറുടെ ഇരട്ട ഗോളില്‍ അതിജീവിക്കുകയായിരുന്നു ബാഴ്സ.

റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഒരു ഗോള്‍കൂടി നേടി ബയേണിനെ ഒപ്പമെത്തിക്കുകയും തോമസ് മുള്ളര്‍ വിജയ ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍, ആദ്യ പാദത്തിലെ കമ്മി നികത്താന്‍ ഇതു മതിയാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ബയേണ്‍ ഫൈനലിലെത്താതെ പുറത്താവുകയും ചെയ്തു.

സ്വന്തം തട്ടകമായ മ്യൂണിക്കിലെ അല്ലിയാന്‍സ് അറീനയില്‍ ബയേണ്‍ ആരാധകരുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും ബയേണിനു ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ആദ്യപകുതിയില്‍ത്തന്നെ ബയേണിനു സുവര്‍ണാവസരങ്ങള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യം പിഴച്ചത് വിനയായി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ക്ളബ്ബ് പുറത്തായെങ്കിലും ബയേണിന്റെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയ്ക്കു മുഖം രക്ഷിക്കാനായി ഈ വിജയത്തിലൂടെ.

ബാഴ്സയ്ക്കുവേണ്ടി ബ്രസീലിയന്‍ താരം നെയ്മറാണു രണ്ടു ഗോളും നേടിയത്. മെസി, നെയ്മര്‍, സുവാരസ് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ബയേണ്‍ ചുണക്കുട്ടന്മാര്‍ക്കു കഴിഞ്ഞില്ല.

ആദ്യ കളിയില്‍ യുവെന്റ്സ് റയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഇന്നു നടക്കുന്ന റയല്‍-യുവെന്റ്സ് മല്‍സരത്തിലെ വിജയികളും ബാഴ്സയുമായിട്ടുള്ള ഫൈനല്‍ മല്‍സരം ജൂണ്‍ ആറിനു ബര്‍ലിനില്‍ അരങ്ങേറും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍