ലണ്ടനില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
Wednesday, May 13, 2015 7:27 AM IST
ലണ്ടന്‍: നാലംഗ മലയാളി കുടുംബത്തെ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കോലാഴി പുല്ലറക്കാട്ടില്‍ രതീഷ് (45), ഭാര്യ ഷിജി (38), ഇരട്ടക്കുട്ടികളായ നേഹ (13), റിയ (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കു-കിഴക്കന്‍ ലണ്ടനിലെ റോഫോര്‍ഡ് നിവാസികളായ ഇവരെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കുട്ടികള്‍ രണ്ടു ദിവസമായി സ്കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് രതീഷിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇയാളെ വുഡ്ഫോര്‍ഡ് റിസര്‍വോയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.

ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി രതീഷ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹത്തില്‍ മരണകാരണമായ മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്കോട്ലന്‍ഡ് യാര്‍ഡ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

കുറച്ചു നാളുകള്‍ക്കു മുമ്പാണ് രതീഷും കുടുംബവും റോഫോര്‍ഡിലേക്ക് താമസത്തിനെത്തിയത്. അതിനാല്‍ നാട്ടുകാര്‍ക്ക് ഇവരെക്കുറിച്ച് അധികമൊന്നും അറിയില്ല. നഴ്സിംഗ് ഹോമില്‍ കെയററായിട്ടു ജോലി ചെയ്യുകയായിരുന്നു രതീഷ്. ലണ്ടനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു ഷിജി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍