ബിട്ടനിലെ രാഷ്ട്രീയ ഭൂകമ്പം യൂറോപ്യന്‍ യൂണിയനെ ഉലയ്ക്കുന്നു
Monday, May 11, 2015 8:14 AM IST
ബ്രസല്‍സ്: രാഷ്ട്രീയ ഭൂചലനം, അഥവാ പൊളിറ്റിക്കല്‍ എര്‍ത്ത്ക്വിക്ക്, എന്ന പദത്തിന്റെ വിവിധ യൂറോപ്യന്‍ ഭാഷകളിലുള്ള പരിഭാഷ ഇന്നലത്തെ വിവിധ യൂറോപ്യന്‍ ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ അച്ചടിച്ചു.

കാമറോണിനു വിജയം, യൂറോപ്പിന് ആശങ്ക എന്നായിരുന്നു ലെ മോണ്‍ടെയുടെ പ്രധാന തലക്കെട്ട്. യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കാന്‍ ജനഹിത പരിശോധന നടത്തുമെന്ന കാമറോണിന്റെ വാഗ്ദാനം തന്നെയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെടുന്നതും ഇതേ പ്രഖ്യാപനം തന്നെ.

ബ്രിട്ടന്‍ യൂണിയനില്‍നിന്നു പിന്‍മാറാതിരിക്കണമെങ്കില്‍ അംഗീകരിക്കപ്പെടേണ്ട ഉപാധികള്‍ കാമറോണ്‍ സര്‍ക്കാര്‍ ആദ്യ ടേമില്‍ തന്നെ യൂണിയനു മുന്നില്‍ അവതരിപ്പിച്ചതാണ്. ബ്രിട്ടന്റെ ആവശ്യങ്ങള്‍ താന്‍ ശ്രദ്ധാപൂര്‍വം കേട്ടതാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍.

ബ്രിട്ടനും യൂണിയനും തമ്മിലുള്ള ഭാവി പുനര്‍നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുതിയ സര്‍ക്കാര്‍ അനൌപചാരികമായി ആരംഭിച്ചു കഴിഞ്ഞു. വിദേശകാര്യ സെക്രട്ടറിയായിരുന്ന ഫിലിപ്പ് ഹാമണ്‍ഡിനെ ചര്‍ച്ചകള്‍ നയിക്കാന്‍ മാത്രമായി നിയോഗിച്ചിരിക്കുകയാണ് കാമറോണ്‍.

കാമറോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ബ്രിട്ടന്‍ യൂണിയന്‍ തുടരണമെന്ന് ജര്‍മനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, യുകെയും യൂണിയനും തമ്മിലുള്ള ചര്‍ച്ചകളില്‍ ജര്‍മനി മധ്യസ്ഥം വഹിക്കാന്‍ തയാറായേക്കില്ലെന്നാണ് സൂചന.

യൂണിയനില്‍നിന്നു പിന്‍മാറിയാല്‍ എന്തൊക്കെ സംഭവിക്കുമെന്നു പറഞ്ഞ് ബ്രിട്ടനെ ഭീഷണിപ്പെടുത്താന്‍ ഒരുക്കമല്ലെന്നാണ് ജര്‍മനിയുടെ നിലപാട്. യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഫലപ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് കാമറോണിനെ പാരീസിലേക്കു ക്ഷണിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍