വിശുദ്ധ ചാവറയച്ചന്റേയും വിശുദ്ധ എവുപ്രസ്യമ്മയുടെയും നാമത്തില്‍ യൂറോപ്പിലെ പ്രഥമ വ്യക്തിഗത ഇടവക
Friday, May 8, 2015 6:43 AM IST
ലണ്ടന്‍: യുറോപ്പിലെ സീറോ മലബാര്‍ സഭയുടെ യുകെയിലെ അഭിമാന കേന്ദ്രങ്ങളിലൊന്നുമായ ലങ്കാസ്റര്‍ രൂപതയിലെ ബ്ളാക്ക്പൂള്‍ ദിവ്യകാരുണ്യ സമൂഹത്തിനു വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രസ്യമ്മയുടെയും നാമത്തില്‍ പ്രഥമ വ്യക്തിഗത ഇടവക സ്ഥാപിതമാകുന്നു.

സീറോ മലബാര്‍ സഭയുടെ അനന്യത ശക്തമായി പരിപാലിക്കപ്പെടുമ്പോഴും യുകെയിലെ ആംഗ്ളെയ റോമന്‍ കത്തോലിക്കാ സഭയുടെ ആധികാരികത പൂര്‍ണമായും സംരക്ഷിച്ചു പോരുന്ന ലങ്കാസ്ററിലെ ചാപ്ളെയിന്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ചരിത്ര മുഹൂര്‍ത്തത്തിനു നിമിത്തം ആവുന്നതിലൂടെ സഭക്കും, യുകെയിലെ പ്രവാസി വിശ്വാസി സമൂഹത്തിനും അഭിമാനവും ഊര്‍ജവും പ്രതീക്ഷകളും പകരുന്നു.

ലങ്കാസ്റര്‍ ബിഷപ് മൈക്കിള്‍ കാംബലിന്റെ പൂര്‍ണവും ശക്തവുമായ സഹായവും പിന്തുണയും ഒത്തുവന്നതിനാലാണ് ഈ അഭിമാന നേട്ടം സീറോ മലബാര്‍ സഭയ്ക്ക് സ്വന്തമാക്കുവാന്‍ ഇടയായത്. വിശുദ്ധരെ അനുസ്മരിക്കുകയും തിരുനാളുകളും നൊവേനകളും മധ്യസ്ഥ പ്രാര്‍ഥനകളും സഭാ ദിനങ്ങളും അതീവ ഭക്തിയോടെ മുടങ്ങാതെ നടത്തുകയും പരിശുദ്ധ ജപമാല മാസവും വണക്ക മാസങ്ങളും ഭക്തിപുരസരം ആചരിക്കുകയും ചെയ്യുന്ന ബ്ളാക്ക് പൂളിലെ വിശ്വാസിസമൂഹത്തിനു അതിനാല്‍ത്തന്നെയാവാം ഈ ചരിത്രനേട്ടം കൈവന്നത്.

മാത്യു ചൂരപ്പൊയ്കയില്‍ അച്ചന്റെ അജപാലന സേവന മികവും ലങ്കാസ്റര്‍ രൂപതയില്‍ നേടിയെടുത്ത വിശ്വാസവും, ബന്ധവും വഴി സഭയ്ക്ക് അഭിമാനം നേടിത്തന്ന പ്രഥമ ഇടവകയുടെ അംഗീകാരത്തില്‍ യുകെ സീറോ മലബാര്‍ സെന്‍ട്രല്‍ കൌെണ്‍സില്‍ മാത്യു ചൂരപ്പൊയ്കയില്‍ അച്ചന് അഭിനന്ദനം അറിയിച്ചു.

ആത്മീയ, അത്മായ വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ പരിപാടികള്‍ ആവിഷ്കരിച്ചും സഭാ പാരമ്പര്യവും പൈതൃകവും അമൂല്യമായി ഇടവകസമൂഹത്തില്‍ നില നിര്‍ത്തിയും വേദ പാഠവും സഭാ നിയമങ്ങളും സുവിശേഷവും പ്രബോധിപ്പിച്ചും അജപാലകനായി പ്രശംസാര്‍ഹമായി പ്രവര്‍ത്തിക്കുകയും ബ്ളാക്ക്പൂളിലെ സഭാ മക്കള്‍ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും തിരിച്ചു നല്‍കുകയും ചെയ്തതാണ് സീറോ മലബാര്‍ സഭയ്ക്കു യൂറോപ്പില്‍ സുവര്‍ണ നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ആശംസിച്ചു.

ബ്ളാക്ക്പൂളില്‍ വ്യക്തിഗത ഇടവക പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ യുകെയില്‍ സീറോ മലബാര്‍ സഭയ്ക്കു കിട്ടിയ വലിയ അംഗീകാരമായി അതിനെ കാണാമെന്നും സഭക്ക് അഭിമാനവും ആത്മീയ ശോഭയും പകര്‍ന്നു നല്‍കിയ വിശുദ്ധ ചാവറ പിതാവിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും നാമധേയം വ്യക്തിഗത ഇടവകക്ക് നല്‍കിയതിലൂടെ യുകെ അനുഗ്രഹസാന്ദ്രവും ആവട്ടെയെന്നും യുകെ സിഎംഐ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡേവിസ് വടക്കുംപാടന്‍ ആശംസിച്ചു.

യുകെയില്‍ ലങ്കാസ്റര്‍ രൂപതയില്‍ തന്റെ സേവനം അര്‍പ്പണ മനോഭാവത്തോടെ നയിക്കുവാനും മറ്റു മേഖലകളില്‍ പരിചയ സമ്പത്തും വൈദിക അനുഭവവും മതബോധനരംഗത്തെ ജ്ഞാനവും ധ്യാനചിന്തകളും പകരാനും സമയം കണ്െടത്തുന്ന അച്ചന്‍ യുകെയിലെ മലയാളികള്‍ക്ക് വലിയ സമ്പത്താണെന്നു മാനന്തവാടി, താമരശേരി രൂപതകളിലും, തൃശൂര്‍ അതിരൂപതയിലും അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി സന്തോഷം പങ്കുവച്ചു. താമരശേരി രൂപതയില്‍ പ്രശംശാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള ഒരു നല്ല സുഹൃത്തു കൂടിയാണ് ഫാ. മാത്യു ചൂരപ്പൊയ്കയില്‍ എന്നും മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു.

ഫാ. മാത്യുവിന്റെയും ബ്ളാക്ക് പൂളിലെ സഭാ മക്കളുടെയും പരിശ്രമത്തിനു ദൈവം നല്‍കിയ അനുഗ്രഹ സാഫല്യം യുകെയുടെയും യൂറോപ്പിനും മാര്‍ഗ രേഖയും പ്രതീക്ഷകളും ആവട്ടെയെന്നും മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ആശംസിച്ചു.

ചാവറ പിതാവിന്റെ അനുകരണീയമായ ജീവിത ദര്‍ശനങ്ങള്‍ മനസിലാക്കുവാനും ആ ചൈതന്യ ദിവ്യധാരയില്‍ വളരുന്നതിനും വിശുദ്ധ എവുപ്രാസ്യമ്മയിലൂടെ പ്രാര്‍ഥനയുടെ ശക്തി മനസിലാക്കി ജീവിത വിജയങ്ങള്‍ക്ക് പ്രാര്‍ഥനയെ മുറുകെ പിടിക്കുന്നതിനും ഇരുവരുടെയും ശക്തമായ മധ്യസ്ഥം യുകെയില്‍ അനുഗ്രഹ വേദിയായി ആവട്ടെ എന്ന് വെംബ്ളി പള്ളി വികാരി ഫാ. ജോണ്‍ മേനോങ്കരി ആശംസിച്ചു.

ഇടവകയുടെ പ്രതിഷ്ഠാ കര്‍മത്തിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ലങ്കാസ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മൈക്കിള്‍ കാംപെല്‍ എന്നിവരും സഭയുടെ വിശിഷ്ട അധികാരികളും നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ