ജര്‍മന്‍വിംഗ്സ് ദുരന്തം: കോ പൈലറ്റ് റിഹേഴ്സലും നടത്തിയിരുന്നു
Thursday, May 7, 2015 8:09 AM IST
ബര്‍ലിന്‍: 149 പേരുടെ ജീവന്‍ കവര്‍ന്ന ജര്‍മന്‍വിംഗ്സ് യാത്രാവിമാനം ആല്‍പ്സ് പര്‍വതനിരകളില്‍ ഇടിച്ചിറക്കും മുന്‍പ് കോ പൈലറ്റ് ഇതിന്റെ റിഹേഴ്സല്‍ വരെ നടത്തിയിരുന്നുവെന്ന് സൂചന. ഈ സംഭവത്തിനു മുന്‍പ് ഒരു യാത്രയ്ക്കിടെ ഇയാള്‍ വിമാനം 30 മീറ്റര്‍ കുത്തനെ താഴേക്കു പറത്തിയ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനം ബാഴ്സലോണയ്ക്കു പോകുമ്പോഴായിരുന്നു ഇത്. അപ്പോഴും പൈലറ്റ് ക്യാബിനു വെളിയിലായിരുന്നു.

ഇരുപത്തേഴുകാരനായ കോപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സാണ് ദുരന്തം സൃഷ്ടിച്ചതെന്നാണ് കരുതപ്പെടുന്നത്. നേരത്തേ ഡ്യുസല്‍ഡോര്‍ഫില്‍നിന്ന് ബാഴ്സലോണയിലേക്കു പോയ വിമാനമാണ് ഇയാള്‍ ഒരു മിനിറ്റോളം കുത്തനെ താഴേക്കു പായിച്ചത്. ഇങ്ങനെയൊരു പ്രവൃത്തിക്കു പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നതുമില്ല.

ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരോടടുത്ത വൃത്തങ്ങളാണു പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. വൈകാതെ ഇവരുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍