അമ്മമാര്‍ക്കു പറ്റിയ രാജ്യങ്ങളില്‍ ജര്‍മനിക്ക് എട്ടാം സ്ഥാനം
Wednesday, May 6, 2015 8:19 AM IST
ബര്‍ലിന്‍: അമ്മമാര്‍ക്ക് ഏറ്റവും യോജിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനി ആദ്യ പത്തിലെത്തി. എട്ടാം സ്ഥാനം നേടിയ ജര്‍മനി ഇക്കാര്യത്തില്‍ സ്പെയ്ന്‍ (7), ഓസ്ട്രേലിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നിലാണ്. ബ്രിട്ടന്റെ സ്ഥാനം ഇരുപത്തിനാലാമതാണ്.

പട്ടികയില്‍ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്റ്, ഐസ്ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യത്തെ പത്തിലുള്ളത്. ഇന്ത്യയുടെ സ്ഥാനവും ഏറെ താഴെയാണ്.

ഗര്‍ഭകാലത്തോ പ്രസവത്തോടനുബന്ധിച്ചോ ഉള്ള സ്ത്രീകളുടെ മരണനിരക്ക്, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് തയാറാക്കിയത്. ഇതില്‍ ജര്‍മനിയിലെ സ്ത്രീകളുടെ മരണനിരക്ക് 11,000 ത്തില്‍ ഒന്നും കുട്ടികളുടേത് ആയിരത്തില്‍ 3.9 ഉം ആയിരുന്നു.

സ്ത്രീകള്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്ന കാലയളവാണ് പരിഗണിക്കപ്പെട്ട മറ്റൊരു ഘടകം. ജര്‍മനിയില്‍ ഇത് 16.5 വര്‍ഷമായിരുന്നു. 2013 ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 179 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍