തെരഞ്ഞെടുപ്പിനൊരുങ്ങി ബ്രിട്ടന്‍
Saturday, May 2, 2015 8:21 AM IST
ലണ്ടന്‍: മേയ് ഏഴിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു ബ്രിട്ടന്‍ ഒരുങ്ങി. അവസാനവട്ട അഭിപ്രായ സര്‍വേകള്‍ വിശ്വസിക്കാമെങ്കില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവില്ല. എന്നാല്‍, ഭരണകക്ഷിക്കുതന്നെയാകും നേരിയ മുന്‍തൂക്കം. കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകള്‍ വേണ്ടിടത്ത് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ 283 വരെ സീറ്റ് നേടിയേക്കാമെന്നാണു സൂചന.

ഇന്ത്യയിലേതിനു സമാനമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംവിധാനമാണ് ബ്രിട്ടനില്‍. അധോസഭയായ ഹൌസ് ഓഫ് കോമണ്‍സിലേക്കുള്ള പ്രതിനിധികളെയാണു തെരഞ്ഞെടുക്കുക. 650 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. ഇംഗ്ളണ്ടില്‍ 533, സ്കോട്ട്ലന്‍ഡില്‍ 59, വെയില്‍സില്‍ 40, വടക്കന്‍ അയര്‍ലന്‍ഡില്‍ 18. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 326 സീറ്റുകള്‍. ഒരു കക്ഷിക്കും ഇതു നേടാനായില്ലെങ്കില്‍ തൂക്കുസഭയാകും. തുടര്‍ന്ന്, സഖ്യകക്ഷി സര്‍ക്കാരിനു ശ്രമം തുടരും. രണ്ടാം ലോകയുദ്ധത്തിനുശേഷം രണ്ടു തവണ മാത്രമാണ് വലിയ ഒറ്റക്കക്ഷി കേവല ഭൂരിപക്ഷം നേടാതിരുന്നത്.

ഏഴു പ്രമുഖ കക്ഷികളാണു തെരഞ്ഞെടുപ്പ് ഗോദയിലുള്ളതെങ്കിലും വലതുപക്ഷ ആഭിമുഖ്യമുള്ള കണ്‍സര്‍വേറ്റീവുകളും ഇടത് ആഭിമുഖ്യമുള്ള ലേബറും തമ്മിലാണു പ്രധാന മത്സരം. 13 വര്‍ഷം നീണ്ട ലേബര്‍ ഭരണത്തിനൊടുവില്‍ 2010ല്‍ അധികാരം തിരിച്ചുപിടിച്ച കാമറൂണ്‍ തന്നെയാണു കണ്‍സര്‍വേറ്റീവുകളെ പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ പ്രതിപക്ഷനേതാവ് എഡ് മിലിബാന്‍ഡാണു ലേബര്‍ പ്രതിനിധി. ടോണി ബ്ളെയറിന്റെ പിന്‍ഗാമിയായി 2010ല്‍ രംഗത്തുവന്ന മിലിബാന്‍ഡ് ജനകീയനാണെങ്കിലും പ്രധാനമന്ത്രി പദത്തിനു ചേരില്ലെന്ന തരത്തിലാണു പ്രചാരണം.

സ്കോട്ട്ലന്‍ഡില്‍ ശക്തിയാര്‍ജിച്ച സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി)യും ലേബര്‍ കോട്ടകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയനോടും കുടിയേറ്റ അനുകൂല നയങ്ങളോടും കടുത്ത നിലപാടുകളുമായി അടുത്തിടെ രംഗത്തുവന്ന യുകെഐപി ആകട്ടെ, കണ്‍സര്‍വേറ്റീവുകള്‍ക്കും ഭീഷണിയാണ്.

ബ്രിട്ടനില്‍ വെള്ളക്കാരല്ലാത്ത ഏറ്റവും വലിയ സമൂഹമായ ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ്. 14 ലക്ഷം ഇന്ത്യന്‍ വംശജര്‍ രാജ്യത്തുള്ളതില്‍ 6,15,000 വോട്ടര്‍മാരാണുള്ളത്. മൊത്തം വോട്ടര്‍മാര്‍ 4.5 കോടിയുണ്െടങ്കിലും ഇന്ത്യന്‍ വംശജര്‍ ചില മണ്ഡലത്തില്‍ സുപ്രധാന സാന്നിധ്യമാണ്. ലണ്ടന്‍ ആസ്ഥാനമായ ഹിന്ദുജ കുടുംബം, ഉരുക്കു വ്യവസായികളായ ലക്ഷ്മി മിത്തല്‍ കുടുംബം തുടങ്ങി വ്യവസായ ലോകത്തും ഇന്ത്യന്‍ വംശജരെ മാറ്റിനിര്‍ത്താനാകില്ല.

ഇന്ത്യക്കാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി സിക്ക് ഗുരുദ്വാരകള്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനൊപ്പം ലേബര്‍ സ്ഥാനാര്‍ഥി തുറന്ന ജീപ്പില്‍ നടത്തിയ യാത്രയും മാധ്യമങ്ങള്‍ ആഘോഷിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍