റമീല നേപ്പാളില്‍നിന്നു നേരത്തേയിറങ്ങിയത് ജീവിതത്തിലേക്ക്
Saturday, May 2, 2015 8:19 AM IST
ഡബ്ളിന്‍: ഭൂകമ്പത്തില്‍നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അയര്‍ലന്‍ഡില്‍ നഴ്സായ റമീലയും കുടുംബവും. ഭൂകമ്പ ദിവസം നേപ്പാളില്‍ നിന്നു നേരത്തേയിറങ്ങിയതാണ് ഇവര്‍ക്ക് തുണയായത്.

കാഠ്മണ്ഡു സ്വദേശിയായ റമീല ഭൂകമ്പമുണ്ടാകുന്നതിനു മിനിട്ടുകള്‍ക്കു മുമ്പേ യൂറോപ്പിലേക്കുള്ള യാത്രയാരംഭിച്ചതാണ് അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെടുന്നതിനിടയാക്കിയത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഡബ്ളിനിലുള്ള ഇവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്നുമാണു സാധാരണ യാത്രയാരംഭിക്കാറുള്ളത്. ഇത്തവണ ഭര്‍ത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഡാര്‍ജിലിംഗ് എയര്‍പോര്‍ട്ടില്‍നിന്നുമാണ് അയര്‍ലന്‍ഡിലേക്കു യാത്രതിരിച്ചത്. അന്നേ ദിവസം കാഠ്മണ്ഡു വിമാനത്താവളത്തിലേക്കായിരുന്നു പോവേണ്ടിയിരുന്നതെങ്കില്‍ തങ്ങളും അപകടത്തില്‍ പെടുമായിരുന്നുവെന്ന് ഒരു നെടുവീര്‍പ്പോടെ ഇവര്‍ ഓര്‍മിക്കുന്നു. ഡാര്‍ജിലിംഗ് വിമാനത്താവളത്തിലും ഈ സമയം ഭൂമികുലുക്കം ഇവര്‍ക്ക് അനുഭവപ്പെട്ടു.

അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഇവരുടെ സുഹൃത്ത് സ്വാതികയും കുടുംബവും ഇവര്‍ക്കൊപ്പം അവധിക്കു നേപ്പാളിലെത്തിയിരുന്നു. ഇതില്‍ സ്വാതികയുടെ ഭര്‍ത്താവ് ഭൂകമ്പത്തില്‍ മരിച്ചു. ഇവര്‍ മേയ് എട്ടിനു തിരികെ അവധിക്കുശേഷം അയര്‍ലന്‍ഡിലേക്കു മടങ്ങാനിരിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം മേയ് എട്ടിന് തിരികെ മടങ്ങാനായിരുന്നു റമീലയും കുടുംബവും ആദ്യം തീരുമാനിച്ചത്. എന്നാല്‍, കൂടുതല്‍ അവധി ലഭിക്കാഞ്ഞതിനാല്‍ ഇവര്‍ നേരത്തേ അയര്‍ലന്‍ഡിലേക്കു മടങ്ങുകയായിരുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍