ചാരവൃത്തി: ജര്‍മന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനോടു കള്ളം പറഞ്ഞെന്ന് ആരോപണം
Thursday, April 30, 2015 8:52 AM IST
ബര്‍ലിന്‍: അമേരിക്കന്‍ ചാരസംഘടനയായ എന്‍എസ്എയുടെ ചാരവൃത്തി സംബന്ധിച്ച് ജര്‍മന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനോടു കള്ളം പറുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നു.

അമേരിക്കക്കായി ജര്‍മനിയുടെ അന്താരാഷ്ട്ര ചാര സംഘടന സാമ്പത്തിക നിരീക്ഷണം നടത്തിയിരുന്നത് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഓഫീസിന്റെ അറിവോടെയായിരുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണം. ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മിസിയറെ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ആരോപണം ശക്തമാവുന്നത്.

ജര്‍മനിയുടെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്കു മേലാണ് ജര്‍മന്‍ ചാര സംഘടന നിരീക്ഷണം നടത്തിയത്. ഈ വിവരങ്ങള്‍ എന്‍എസ്എയ്ക്കു കൈമാറുകയും ചെയ്തു എന്നാണ് പ്രമുഖ ജര്‍മന്‍ മാധ്യമം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

എന്നാല്‍, എന്‍എസ്എയുടെ ചാരവൃത്തിയെക്കുറിച്ച് സര്‍ക്കാരിന് ഒന്നുമറിയില്ലെന്നായിരുന്നു ഏപ്രില്‍ പതിനാലിന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. ചാന്‍സലറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജര്‍മനിയുടെ ആഗോള ചാര സംഘടന. ചാന്‍സലറി അറിയാതെയും എന്നാല്‍ ആഭ്യന്തരമന്ത്രാലയവും അറിയാതെ എന്‍എസ്എയെ സഹായിക്കാന്‍ ഇവര്‍ക്കു സാധിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍