ഭൂകമ്പത്തില്‍ ന്യൂകാസില്‍ മലയാളിയും കുടുംബം തലനാരിഴയ്ക്ക് രക്ഷപെട്ടു
Wednesday, April 29, 2015 5:36 AM IST
ന്യൂകാസില്‍: നേപ്പാളില്‍ അയ്യായിരത്തോളം പേര്‍ മരിച്ച ഭൂകമ്പത്തില്‍ ന്യൂകാസില്‍ മലയാളിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഷൈര്‍മൂറില്‍ താമസിക്കുന്ന മലയാളിയായ ഷീബയും കുടുംബവുമാണ് ഭൂകമ്പ മേഖലയില്‍ കുടുങ്ങിയത്. ഷീബയുടെ ഭര്‍ത്താവ് പ്രസന്ന ധജി നേപ്പാള്‍ സ്വദേശിയാണ്.

ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ഇവര്‍ വീടിന് പുറത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. കാഠ്മണ്ഡുവിലെ താത്കാലിക ടെന്റിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 16-നാണ് പ്രസന്നയും ഷീബയും ഏകമകള്‍ ടിയയും ഡല്‍ഹി വഴി കാഠ്മണ്ഡുവില്‍ എത്തിയത്.

ഏഴു വര്‍ഷമായി ന്യൂകാസിലിലുള്ള ഷീബ തിരുവനന്തപുരം സ്വദേശിയാണ്. മുന്‍പ് കിംഗ്സ്റണ്‍ പാര്‍ക്കിലാണ് കുടുംബം താമസിച്ചിരുന്നത്. 16-നു ന്യൂകാസിലില്‍ മലയാളി ബിസിനസുകാരനും ട്രാവല്‍ ഏജന്റുമായ ബിനു കിഴക്കയില്‍ മുഖേനയാണ് ഇവര്‍ അവധി ആഘോഷിക്കാന്‍ നേപ്പാളിലേയ്ക്ക് പോയത്. ഷീബയും ഭര്‍ത്താവും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഷീബയുടെ സഹോദരിയും ഭര്‍ത്താവും യുകെയിലുണ്ട്.

ഭൂകമ്പത്തില്‍ മൂവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീട് ഭാഗീകമായി തകര്‍ന്നു. ടെന്റില്‍ കഴിയുന്ന തങ്ങള്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. പ്രസന്നയുടെ കുടുംബം കാഠ്മണ്ഡുവിലുണ്ട്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍