നേട്ടത്തിന്റെ നെറുകയില്‍ ഷ്വെയ്ന്‍സ്റൈഗര്‍
Monday, April 27, 2015 8:06 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍, അവരുടെ പ്ളേമേക്കര്‍ ബാസ്റ്യന്‍ ഷ്വെയ്ന്‍സ്റൈഗറും ചില അനുപമ നേട്ടങ്ങള്‍ക്ക് ഉടമയായി. ഹെര്‍ത്ത ബര്‍ലിനെതിരേ ബയേണിനായി ഏക ഗോള്‍ നേടിയതും ബാസ്റ്യനായിരുന്നു.

ബയേണ്‍ ലീഗില്‍ ഇരുപത്തഞ്ചാമത്തെയും തുടരെ മൂന്നാമത്തെയും കിരീടമാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ മിഡ്ഫീല്‍ഡര്‍ ടീമിനൊപ്പം എട്ട് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായി.

ഇതിനൊപ്പം, ഏഴു ജര്‍മന്‍ കപ്പുകള്‍ക്കും ഒരിക്കല്‍ ചാംപ്യന്‍സ് ലീഗ് കിരീടത്തിനും കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനും അതിനു മുന്‍പ് യൂറോപ്യന്‍ സൂപ്പര്‍ കപ്പിനും അര്‍ഹനായിട്ടുണ്ടു ഷ്വെയ്ന്‍സ്റെയ്ഗര്‍.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ജര്‍മനിക്കാരന്‍ എന്ന ബഹുമതിയാണു ഷ്വെയ്ന്‍സ്റൈഗര്‍ക്ക് ഇതോടെ സ്വന്തമായിരിക്കുന്നത്. ഒലിവര്‍ കാനും മെഹ്മത് ഷോളും എട്ടു വീതം ജര്‍മന്‍ ലീഗ് കിരീട നേട്ടങ്ങളില്‍ പങ്കാളികളായിട്ടുണ്ടെങ്കിലും മറ്റു കിരീടങ്ങളില്‍ ഷ്വെയ്ന്‍സ്റൈഗറുടെ അടുത്തെങ്ങുമെത്തുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍