അഭയാര്‍ഥികള്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ പണവും കപ്പലുകളും
Friday, April 24, 2015 7:56 AM IST
ബ്രസല്‍സ്: ആഫ്രിക്കയില്‍നിന്നു മെഡിറ്ററേനിയന്‍ സമുദ്രം വഴി യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെടുന്ന അഭയാര്‍ഥികളെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ പണവും കപ്പലുകളും അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ അസാധാരണ ഉച്ചകോടി തീരുമാനിച്ചു. എന്നാല്‍, അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കാനോ മനുഷ്യക്കടത്ത് തടയാനോ ആവശ്യമായ കാര്യക്ഷമമായ തീരുമാനങ്ങളൊന്നും ഉച്ചകോടിയില്‍ ഉണ്ടായില്ല.

ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതിന്റെ മൂന്നു മടങ്ങ് പണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്നാണ് ധാരണ. ഇതു പ്രതിമാസം ഏകദേശം ഒമ്പതു മില്യന്‍ യൂറോ വരും.

ജര്‍മന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനു വിട്ടുകൊടുക്കാമെന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഉറപ്പു നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാനും തയാറാണെന്ന് അവര്‍ അറിയിച്ചു.

ഇറ്റലിയുടെയും ഗ്രീസിന്റെയും തീരങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. കൂടുതല്‍ ലൈഫ് ബോട്ടുകളും നല്‍കും.

മനുഷ്യാവകാശ സംഘടനകള്‍ ഉച്ചകോടിയിലെ തീരുമാനങ്ങളെ നിരാശാജനകമെന്നാണു വിശേഷിപ്പിച്ചത്. നിരീക്ഷണം നടത്തുന്ന മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാതെ മനുഷ്യക്കടത്ത് തടയാന്‍ സാധിക്കില്ലെന്നാണ് അവരുടെ വാദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍