യുഎസിനുവേണ്ടി ജര്‍മനി യൂറോപ്പില്‍ ചാരപ്രവര്‍ത്തനം നടത്തി
Friday, April 24, 2015 7:56 AM IST
ബര്‍ലിന്‍: യൂറോപ്പിലെ സൌഹൃദരാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കുമേല്‍ ജര്‍മന്‍ ചാരന്മാര്‍ നിരീക്ഷണം നടത്തിയിരുന്നുവെന്നു റിപ്പോര്‍ട്ട്. യുഎസ് ചാരസംഘടനയായ എന്‍എസ്എയുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മന്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സി ശേഖരിച്ച കംപ്യൂട്ടര്‍ വിലാസങ്ങളും മൊബൈല്‍ ഫോണ്‍ നമ്പറുകളും തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റു പല വിവരങ്ങളും എന്‍എസ്എയ്ക്കു കൈമാറിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എട്ടു ലക്ഷം പേരുടെ പട്ടികയാണത്രേ നിരീക്ഷണത്തിനായി എന്‍എസ്എ ജര്‍മനിക്കു കൈമാറിയിരുന്നത്.

ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ബിഎന്‍ഡിയുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളില്‍ പലതും ലംഘിച്ചാണ് എന്‍എസ്എയെ സഹായിക്കാന്‍ ശ്രമിച്ചിരുന്നത്. ആയുധ നിര്‍മാതാക്കള്‍ മുതല്‍ ഹെലികോപ്റ്റര്‍ നിര്‍മാതാക്കള്‍ വരെയുള്ളവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തിയിരുന്നു വെന്നാണ് അറിയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍