ജര്‍മനിയിലെ ട്രെയിന്‍ സമരം യാത്രക്കാരെ ദുരിതത്തിലാക്കി
Wednesday, April 22, 2015 8:17 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച സമരം യാത്രക്കാരെ ദുരിതത്തിലാക്കി. ദീര്‍ഘദൂര സര്‍വീസുകളുടെ മൂന്നിലൊന്നു ഭാഗം മാത്രമാണ് പ്രവര്‍ത്തനക്ഷമമായത്. ഏതാണ്ട് 85 ശതമാനം സര്‍വീസുകളും നിലച്ചുവെന്നാണ് ജര്‍മന്‍ ട്രെയിന്‍ അധികാരികളുടെ അറിയിപ്പ്.

ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയന്‍ സംഘടന ജിഡിഎല്‍ ആണ് സമരത്തിന് ആഹ്വാനം നല്‍കിയത്. വ്യാഴാഴ്ച രാത്രി ഒന്‍പതുവരെയാണ് പണിമുടക്ക്. ദിവസേന ഒരു മില്യന്‍ യൂറോയുടെ നഷ്ടമാണു പണിമുടക്കുമൂലം ഉണ്ടാവുന്നതെന്നാണു കണക്കുകൂട്ടല്‍.

സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡോയ്റ്റ്ഷെബാന്‍ (ജര്‍മന്‍ റെയില്‍വേ) നല്‍കിയ ഹര്‍ജി ലേബര്‍ കോടതി തള്ളിയതിനു പിന്നാലെയാണ് യൂണിയനുകളുടെ തീരുമാനം. പൂര്‍ണമായും നിയമവിധേയമായിത്തന്നെയാണ് സമരം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും നിരോധിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. മുന്‍പ് 98 മണിക്കൂര്‍ നേരം പ്രഖ്യാപിച്ചിരുന്ന സമരം രാജ്യത്താകമാനമുള്ള ഗതാഗതത്തെ തകിടംമറിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍