മാല്യങ്കരയില്‍നിന്നു മാഞ്ചസ്ററിലേക്ക് : ആത്മാഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷികളാകാന്‍ ക്നാനായ ജനത
Saturday, April 18, 2015 6:26 AM IST
മാഞ്ചസ്റര്‍: യൂറോപ്പിലെ ആദ്യത്തെ ക്നാനായ കത്തോലിക്കാ ഇടവക രൂപവത്കരണത്തില്‍ പങ്കുചേരാന്‍ യുകെയിലെ ക്നാനായക്കാര്‍ ഏപ്രില്‍ 25നു മാഞ്ചസ്ററില്‍ ഒത്തുചേരുന്നു.

സഭയേയും സമുദായത്തേയും ഒരുപോലെ സ്നേഹിക്കുന്ന ക്നാനായക്കാര്‍ മാത്രമായി ഷ്രൂസ്ബറി രൂപതയില്‍ ചാപ്ളെയിന്‍സി അനുവദിച്ചതിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനു പങ്കാളികളാകാന്‍ വിദൂരത്തുളളവര്‍ പോലും സംഘടിതമായി മാഞ്ചസ്ററിലേക്ക് ഒഴുകുമ്പോള്‍ പുതിയൊരു ചരിത്ര കാവ്യമായിരിക്കും യുകെയിലെ ക്നാനായക്കാര്‍ രചിക്കുക.

കേരളത്തിലെ പ്രഥമ ക്നാനായ ദേവാലയത്തിനു തറക്കല്ലിട്ടതും യൂറോപ്പിലെ ആദ്യ ക്നാനായ കത്തോലിക്കാ ദേവാലയത്തിനു തിരിതെളിക്കുന്നതും ഏപ്രിലില്‍ തന്നെ എന്നത് യാദൃശ്ചികമായിട്ടാണ്.

എഡി 345 ഏപ്രില്‍ 11നാണു കേരളത്തിലെ ആദ്യ ക്നാനായ ദേവാലയത്തിനു തറക്കല്ലിട്ടത്. ക്നാനായക്കാരുടെ ആദ്യ തലസ്ഥാനമായ കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച ദേവാലയ മധ്യസ്ഥതയും യുകെയിലെ ആദ്യ ക്നാനായ കത്തോലിക്ക ഇടവക മധ്യസ്ഥതയും പരിശുദ്ധ കന്യകാമറിയം ആയതും മുത്തിയമ്മയോടുളള പ്രത്യേക ഭക്തിയായതിനാലാണ്.

25 ന് ഷ്രൂസ്ബറി രൂപതയിലെ ക്നാനായ ചാപ്ളെയിന്‍സിക്ക് ബിഷപ് മാര്‍ക്ക് ഡേവിസ് തിരിതെളിയിക്കുമ്പോള്‍ യുഗാന്ത്യത്തോളം നിലനില്‍ക്കുവാന്‍ പോകുന്ന ചരിത്രസംഭവത്തിന് സാക്ഷികളാകുവാന്‍ ക്നാനായക്കാര്‍ ഒന്നടങ്കം മാഞ്ചസ്ററില്‍ എത്തുമ്പോള്‍ വിപുലമായ സജീകരണങ്ങളാണ് ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടത്തുന്നത്.

വിശുദ്ധ കുര്‍ബാനയെ അങ്ങേയറ്റം ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ക്നാനായക്കാരുടെ ഏതൊരു ഉദ്യമത്തിന്റെയും ആരംഭം ദിവ്യബലിയോടെയാണ്. വൈദികരെയും വൈദിക മേലധ്യക്ഷന്മാരെയും അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ക്നാനായക്കാര്‍ സ്വന്തം ഇടവകയെ നെഞ്ചോടുചേര്‍ത്ത് സ്നേഹിക്കുന്ന പൈതൃകമാണുളളത്.

വിശ്വാസദീപ്തിയാല്‍ ജ്വലിച്ച് പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച്, വിശ്വാസ തനിമയില്‍ മുന്നേറുന്ന യുകെ ക്നാനായക്കാരുടെ അഭിമാന നിമിഷങ്ങള്‍ക്കു നിറം പകരുവാന്‍ യുവജനങ്ങളും സുസജ്ജമാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍