ഫൈന്‍ ആര്‍ട്സ് ഇന്ത്യ കുടുംബാംഗങ്ങള്‍ ഈസ്റര്‍-വിഷു ആഘോഷിച്ചു
Thursday, April 16, 2015 6:44 AM IST
വിയന്ന: ഈസ്റര്‍ മംഗളങ്ങള്‍ ആശംസിച്ചും വിഷുക്കണി കണ്ടും കൈനീട്ടം വാങ്ങിയും ഓസ്ട്രിയയിലെ മലയാളി സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ ഈസ്റര്‍-വിഷു ആഘോഷം. വിയന്നയിലെ ഹീറ്റ്സിംഗില്‍ നടന്ന ആഘോഷപരിപാടിയില്‍ സംഘടനയുടെ പ്രസിഡന്റ് ജോണ്‍സണ്‍ ചേലപ്പുറത്ത് സ്വാഗതം ആശംസിച്ചു.

ആഘോഷങ്ങളില്‍ അതിഥികളായി എത്തിയ ഫാ. ജോയികുട്ടി, ഫാ. വില്‍സണ്‍ ഏബ്രഹാം എന്നിവര്‍ സന്ദേശം നല്‍കി. ഈസ്റര്‍-വിഷു ആഘോഷങ്ങളുടെ പ്രസക്തിയെയും രണ്ടു പ്രധാനപ്പെട്ട ദിവസങ്ങളും ഒരുമിച്ചു ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ക്കാണു ഭാഗ്യം ലഭിക്കുന്നതെന്നും അനുസ്മരിച്ചു. ധന്യ മോഹന്‍ വിഷുവിന്റെ പ്രത്യേക സന്ദേശം നല്‍കി.

സംഘടനയിലെ കുട്ടികളുടെയും യുവാക്കളുടെയും കലാപരിപാടികള്‍ ആഘോഷം മിഴിവുള്ളതാക്കി. മോഹന്‍ പ്രെറ്റ്നറും കുടുംബവും പരമ്പരാഗത രീതിയില്‍ തയാറാക്കിയ വിഷുക്കണി അംഗങ്ങളില്‍ ഗതകാലസുഖസ്മരണ ഉണര്‍ത്തുകയും വിഷുവിന്റെ ഹൃദ്യമായ അനുഭവം സമ്മാനിക്കുകയും ചെയ്തു. അംഗങ്ങള്‍ തയാറാക്കിയ സദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി സോജി മതുപുറത്ത് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി