ഇന്ത്യയില്‍ മാറ്റം വന്നുവെന്ന് മോദി
Monday, April 13, 2015 8:10 AM IST
ബര്‍ലിന്‍: ഇന്ത്യ ഏറെ മാറിക്കഴിഞ്ഞുവെന്നും ഇന്ത്യയില്‍ വളരെയധികം മാറ്റം സംഭവിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുതാര്യതയിലും ഉത്തരവാദിത്വത്തിലും ഭരണ സ്ഥിരതയിലും ഏറെ മുന്നിലാണെന്നും മോദി അവകാശപ്പെട്ടു.

മൂന്നുദിന ജര്‍മന്‍ സന്ദര്‍ശനത്തിന് ഹാനോവറിലെത്തിയ മോദി രണ്ടാം ദിവസമായ തിങ്കളാഴ്ച ഇന്തോ-ജര്‍മന്‍ ബിസിനസ് ഉച്ചകോടിയില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കൂടുതല്‍ ബിസിനസ് പരിസ്ഥിതി മെച്ചപ്പെടുത്താന്‍ ധനവിനിയോഗം ഏറെ മയപ്പെടുത്തിയ സര്‍ക്കാരെന്ന നിലയില്‍ ഇപ്പോള്‍ നടത്തുന്ന മുന്നേറ്റത്തില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ പങ്കാളികളാവാന്‍ സമ്മേളനത്തില്‍ മോദി നിക്ഷേപകരോട് അഭ്യര്‍ഥിച്ചു.

ഇതിനായി മോദി പത്ത് നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു. യൂറോപ്പിലെ ഏറ്റവും മുന്തിയ സാമ്പത്തിക രാജ്യമെന്ന നിലയില്‍ ജര്‍മനിയുമായി ഇന്ത്യയിലെ ഇന്‍ഫ്രാസ്ട്രച്ചറുകള്‍ വളരെ വേഗത്തില്‍ സൌകര്യപ്പെടുത്തുമെന്നും പിന്നോക്കമായ നികുതി നടപടികള്‍ക്കായി സുതാര്യമായ ഭരണക്രമങ്ങള്‍ കൊണ്ടുവരുമെന്നും അറിയിച്ചു.

ചാന്‍സലര്‍ ആംഗലെ മെര്‍ക്കലുമായി ചര്‍ച്ച നടത്തിയശേഷം ഇന്‍ഡസ്ട്രിയല്‍ ട്രെയ്ഡ് ഫെയറിലെ ഇന്ത്യന്‍ പവലിയന്‍ മെര്‍ക്കലിനൊപ്പം സന്ദര്‍ശിച്ച് സംരംഭകരെ അഭിവാദ്യം ചെയ്തു. ചര്‍ച്ചയ്ക്കിടയില്‍ ഇന്ത്യന്‍ ചായയുടെ മാഹാല്‍മ്യത്തെ വര്‍ണിക്കാനും മെര്‍ക്കല്‍ മറന്നില്ല. ഇന്ത്യയെ ഇത്തവണത്തെ പങ്കാളിത്ത രാജ്യമാക്കിയതില്‍ മോദി ജര്‍മനയോട് നന്ദി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 14 സംസ്ഥാനങ്ങളിലെ 400 ഇന്ത്യന്‍ കമ്പനികളാണ് പവലിയനില്‍ പ്രദര്‍ശനം ഒരുക്കുന്നത്.

ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റൈനര്‍, ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതി ഗോഖലെ എന്നിവരും ഇരുനേതാക്കളെയും അനുഗമിച്ചു.

ഇന്ത്യയിലെ വമ്പനായ കിര്‍ലോസ്ക്കര്‍ കമ്പനി മേധാവി സജ്ജയ് കിര്‍ലോസ്ക്കറെ മോദി മെര്‍ക്കലിനു പരിചയപ്പെടുത്തി.

പവലിയനില്‍ 45 സെലിബ്രിറ്റ് ഷെഫ് ഉള്‍പ്പടെയാണ് ഇരുനേതാക്കളെയും പരിചരിക്കാനുണ്ടായിരുന്നത്. ലോകപ്രശസ്തമായ മാംഗോ ലെസിയും ഗുജറാത്തി കാന്‍ഡിവിസും, ദോക്ളാസും, കക്രാസും നല്‍കിയാണ് സല്‍ക്കരിച്ചത്.

ട്രെയ്ഡ് ഫെയര്‍ സന്ദര്‍ശനശേഷം ഉച്ചയോടെ മോദി തലസ്ഥാന നഗരമായ ബര്‍ലിനിലേയ്ക്കു പോയി. അവിടെ എത്തിയ മോദി ഇന്ത്യന്‍ കമ്യൂണിറ്റിയുമായും കൂടിക്കാണും.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹാംബുര്‍ഗിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കും. ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് നേതാജിയുടെ കുടുംബാംഗങ്ങളെ ചാര നിരീക്ഷണത്തിനു വിധേയരാക്കിയിരുന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ഈ സന്ദര്‍ശനം.

നേതാജിയുടെ ചെറിയ അനന്തരവനും പ്രമുഖ വ്യവസായിയുമായ സൂര്യ ബോസാണ് ഇവിടെയുള്ള ബന്ധുക്കളില്‍ ഒരാള്‍. ഹാംബുര്‍ഗിലെ ഇന്തോ-ജര്‍മന്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് സൂര്യ ബോസ്. 1942 ല്‍ സ്ഥാപിതമായ സംഘടന ഇത്തരത്തില്‍ രാജ്യത്തുള്ള ഏറ്റവും പഴക്കമേറിയ സംഘടനയാണ്. സാക്ഷാല്‍ നേതാജി സുഭാഷ് ബോസിന്റെ സാന്നിധ്യത്തിലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍