മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം: ഇന്ത്യയ്ക്ക് ഉഭയകക്ഷി താത്പര്യം കുറവ്
Saturday, April 11, 2015 8:16 AM IST
ബര്‍ലിന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ കാര്യമായി ഉപകരിക്കില്ലെന്ന് വിലയിരുത്തല്‍. ഉഭയകക്ഷി കാര്യങ്ങളിലല്ല, ഹാനോവര്‍ ട്രേഡ് ഫെയറില്‍ മാത്രമാണ് ഇന്ത്യന്‍ സംഘം പ്രധാന ശ്രദ്ധ ചെലുത്തുന്നത്.

പരമ്പരാഗതമായി തന്നെ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ബന്ധം അത്ര സുദൃഢമല്ല. ഇപ്പോഴത്തെ സന്ദര്‍ശനത്തിലും അതിനു മാറ്റം വരുത്താന്‍ മോദിയും സംഘവും ഉദ്ദേശിക്കുന്നില്ലെന്നു തന്നെയാണ് ഇതുവരെയുള്ള സൂചന.

അതേസമയം, ഫ്രാന്‍സില്‍ മോദി നടത്തുന്ന സന്ദര്‍ശനത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഫ്രാന്‍സുമായുള്ള അടുത്ത ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുതകുന്ന സന്ദര്‍ശമെന്ന നിലയിലാണ് ഇന്ത്യന്‍ സംഘം ഇതിനു പ്രചാരം നല്‍കുന്നതു തന്നെ. യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ മോദിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചതും ഇതിന്റെ ഭാഗം.

ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് വ്യാപാര പങ്കാളികളില്‍ ഒന്ന് എന്നതു മാത്രമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജര്‍മിക്കുള്ള പ്രാധാന്യം. ഇതില്‍ തന്നെ ശ്രദ്ധ ചെലുത്തുന്നവിധമാണ് ഹാനോവര്‍ ട്രേഡ് ഫെയര്‍ പ്രധാനമായി കണ്ടുകൊണ്ടുള്ള മോദിയുടെ സന്ദര്‍ശന പരിപാടിയും.

ഏപ്രില്‍ 12 നാണ് മോദിയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ചേര്‍ന്ന് ഹാനോവര്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യുക. ജര്‍മന്‍ കമ്പനികളും ഇന്ത്യന്‍ കമ്പനികളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക മാത്രമായിരിക്കും അവിടത്തെ അജന്‍ഡ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജര്‍മന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം തുല്യ പ്രാധാന്യത്തോടെ രാജ്യത്തെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കാരുമായും കൂടിക്കാഴ്ചക്കും സമയം കണ്ടെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍