വിദേശയാത്രയ്ക്കുള്ള പുതിയ പാസ്പോര്‍ട്ട് പരിശോധന ആരംഭിച്ചു; കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം കൂട്ടും
Thursday, April 9, 2015 8:36 AM IST
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ രീതിയിലുള്ള പാസ്പോര്‍ട്ട് പരിശോധന ഇന്നു പ്രാബല്യത്തില്‍ വരും. ഇതോടെ അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലെ അന്തര്‍ദേശീയ ടെര്‍മിനലുകളിലും തുറമുഖങ്ങളിലും കാത്തുനില്‍പ്പിനുള്ള സമയം നീളുമെന്ന് ആശങ്ക.

എയര്‍ലൈന്‍, ഫെറി ഓപ്പറേറ്റര്‍മാര്‍ എല്ലാ വിദേശ യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കണമെന്നാണ് പുതിയ ചട്ടം. കാത്തുനില്‍പ്പു സമയം വല്ലാതെ വര്‍ധിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇത്രയും കാലം തീരുമാനം നടപ്പാക്കാതെ നീട്ടിവച്ചിരുന്നത്. ഇപ്പോള്‍ നടപ്പാക്കുമ്പോഴും പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണ് വിമര്‍ശനം.

ആകെ യാത്രക്കാരില്‍ 25 ശതമാനത്തിന്റെയും തിരിച്ചറിയല്‍ പരിശോധന പൂര്‍ത്തിയാക്കി വേണം അതിര്‍ത്തി കടക്കാന്‍. മാത്രവുമല്ല ഈ വിവരങ്ങള്‍ ഹോം ഓഫീസിനു കൈമാറുകയും വേണം.

ജര്‍മനിയിലും ഈ നിയമം ബാധകമായിട്ടുണ്ട്. വിദേശയാത്രക്കാര്‍ പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലാണ് വിദേശയാത്ര നടത്തുന്നതാണെങ്കില്‍പ്പോലും യാത്രക്കാര്‍ പാസ്പോര്‍ട്ട്/റൈസെപാസ് കൈയില്‍ കരുതിയിരിക്കണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍