60 സെക്കന്‍ഡില്‍ ചാര്‍ജ് ചെയ്യാവുന്ന സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി വരുന്നു
Thursday, April 9, 2015 3:24 AM IST
ബര്‍ലിന്‍:സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വിപ്ളവം സൃഷ്ടിക്കാന്‍ സഹായിക്കുന്ന പുതിയ ബാറ്ററി വികസിപ്പിച്ചെടുത്തു. സ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വെറും അറുപതു സെക്കന്‍ഡില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അലൂമിനിയം ബാറ്ററി നിര്‍മിച്ചത്.

നിലവില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാറ്ററി ചാര്‍ജ് അധിക സമയം നില്‍ക്കാത്തത്. ഇതിനു നേരിട്ടു പരിഹാരമാകുന്നില്ലെങ്കിലും, പെട്ടെന്ന് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത് പ്രയോജനപ്രദമാകും.

ഐഫോണ്‍ 6 പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂറാണ് എടുക്കുന്നത്. ലിഥിയം അയോണ്‍ ബാറ്ററിയെ അപേക്ഷിച്ച് ഏഴു മടങ്ങ് ആയുസും പുതിയ അലൂമിനിയം ബാറ്ററിക്ക് ലഭിക്കും. പരമ്പരാഗത ബാറ്ററികള്‍ ശരാശരി ആയിരം വട്ടം റീചാര്‍ജ് ചെയ്യാമെങ്കില്‍ അലൂമിനിയിം ബാറ്ററി 7500 വട്ടം റീചാര്‍ജ് ചെയ്യാം.

ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബാറ്ററിക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായതിന്റെ പകുതി വോള്‍ട്ടെജ് മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഈ ന്യൂനത പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍