ജര്‍മന്‍ വിംഗ്സ് വിമാനദുരന്തം: മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു
Monday, April 6, 2015 8:04 AM IST
പാരീസ്: ജര്‍മന്‍വിംഗ്സ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി ആല്‍പ്സ് പര്‍വതനിരകളില്‍ നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 150 പേരാണു മരിച്ചത്.

ഇതുവരെ കിട്ടിയ മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കുകയാണ് ഇനി ചെയ്യുക.

വിമാനങ്ങളുടെയും വിമാന ജീവനക്കാരുടെയും പരിശോധനകള്‍ നടത്താന്‍ ആവശ്യമായ മനുഷ്യ വിഭവശേഷി ജര്‍മന്‍ എയര്‍ലൈനുകള്‍ക്ക് ഇല്ലെന്ന ആരോപണം മുമ്പുതന്നെ ഉള്ളതാണ്. ജര്‍മന്‍വിംഗ്സ് ദുരന്തത്തിനു മുന്‍പു തന്നെ യൂറോപ്യന്‍ കമ്മീഷന്‍ ഈ വിഷയം ജര്‍മന്‍ അധികൃതര്‍ക്കു മുന്നില്‍ ഉന്നയിച്ചിരുന്നു എന്നാണു സൂചന. വിമാനത്തിന്റെ രണ്ടു ബ്ളാക്ക് ബോക്സും കണ്ടെടുത്തിരുന്നു.

വിഷാദരോഗത്തിനടിമയായ അന്ത്രയാസ് ലുബിറ്റ്സ് എന്ന 27 കാരന്‍ കോ പൈലറ്റ്, പൈലറ്റ് കാബിനുവെളിയില്‍ പോയ തക്കം നോക്കി ആല്‍പ്സ് പര്‍വതനികളില്‍ വിമാനം മനഃപൂര്‍വ്വം ഇടിപ്പിച്ചു തകര്‍ത്ത് യാത്രക്കാരായ 15 രാജ്യങ്ങളിലെ 150 പേരുടെ ദാരുണമരണത്തിന് ഇടയാക്കുകയായിരുന്നു. മാര്‍ച്ച് 24 നാണു ദുരന്തമുണ്ടായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍