റോമില്‍ ഓശാന ഞായര്‍ ആചരണവും കുരിശിന്റെ വഴിയും
Tuesday, March 31, 2015 6:08 AM IST
റോം: റോമിലെ സീറോ മലബാര്‍ ഇടവകയുടെ ഓശാനഞായര്‍ ആചരണവും കുരിശിന്റെ വഴിയും കൂടുതല്‍ ഭക്തി സാന്ദ്രമായി നടന്നു.

ഓശാന ദിവസം രാവിലെ ബസിലിക്ക സാന്ത അനസ്താസ്യയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു വികാരി മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ ഐവറികോസ്റിലെ ഉദ്യോഗസ്ഥനായ ഫാ. ജോര്‍ജ് കൂവക്കാട്ട്, അസി. വികാരി ഫാ. ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കേരളത്തില്‍നിന്നു കൊണ്ടുവന്ന കുരുത്തോലകളാണു വിശ്വാസികള്‍ക്കു നല്‍കിയത്. കുര്‍ബാന മധ്യേ അസി. വികാരി ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നടത്തി. തിരുക്കര്‍മങ്ങള്‍ക്കുശേഷം വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാട്ടില്‍ 15 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനും മാതൃജ്യോതിയുടെ നേതൃത്വത്തില്‍ അഞ്ച് യുവതികള്‍ക്ക് വിവാഹത്തിനുമുള്ള സഹായ വിതരണം നടത്തി.

തുടര്‍ന്നു റോമിന്റെ രാജവീഥികളിലൂടെ നടത്തിയ കുരിശിന്റെ വഴിയില്‍ ആയിരത്തോളം വിശ്വാസികള്‍ ഭക്തിപൂര്‍വം പങ്കെടുത്തു. കുരിശിന്റെ വഴിയുടെ പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ മുട്ടുകുത്തി സിറിയയിലും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും ക്രിസ്തുവിനുവേണ്ടിയും ക്രിസ്ത്യാനി ആയതിന്റെ പേരിലും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. നമ്മുടെ വിശ്വാസതീഷ്ണത കണ്ട റോമാക്കാരും മറ്റു ടൂറിസ്റുകളും വളരെ വിസ്മയത്തോടെയാണ്

ഈ കുരിശിന്റെ വഴി കണ്ടു നിന്നത്. സമാപന പ്രാര്‍ഥനകള്‍ക്കുശേഷം റോമന്‍ വികാരിയാത്തിന്റെ പ്രവാസി കാര്യ വകുപ്പ് മേധാവി മോണ്‍. പിയേര്‍ പൌളോ സന്ദേശം നല്‍കി. അദ്ദേഹം നമ്മുടെ കൂട്ടായ്മയെയും വിശ്വാസ തീഷ്ണതയെയും വളരെയേറെ പ്രശംസിച്ചു. കൈക്കാരന്മാരായ ജ്യോതിഷ് കണ്ണംപ്ളാക്കല്‍, തോമസ് ഇരിമ്പന്‍, വിന്‍സെന്റ് ചക്കാലമറ്റത്തു, ഡെയ്സന്‍ തെക്കന്‍ എന്നിവരും മറ്റു കമ്മിറ്റിക്കാരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ ബസിലിക്ക സാന്ത അനസ്താസ്യയില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും ഈസ്റര്‍ കര്‍മങ്ങള്‍ വിയ മന്‍സോണി 5 ല്‍ (ങലൃീേ ങമ്വിീിശ ക്ക് സമീപം) ശനി വൈകുന്നേരം അഞ്ചിനു നടക്കും. ഈസ്റര്‍ ദിവസം ബത്തിസ്തീനി, ദിവിനൊ അമോറെ, മല്ലിയാന എന്നീ സെന്ററുകളിലൊഴികെ ബാക്കിയെല്ലാ യൂണിറ്റുകളിലും കുര്‍ബാന ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോസ്മോന്‍ കമ്മട്ടില്‍