ജര്‍മനിക്ക് ആവശ്യം പ്രതിവര്‍ഷം അഞ്ചു ലക്ഷം കുടിയേറ്റക്കാരെയെന്ന് പഠന റിപ്പോര്‍ട്ട്
Saturday, March 28, 2015 8:32 AM IST
ബര്‍ലിന്‍: 2050 വരെ ഓരോ വര്‍ഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ ജര്‍മനിക്ക് ആവശ്യം വരുമെന്ന് ബര്‍ട്ടെല്‍സ്മാന്‍ ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. തൊഴില്‍ മേഖലയിലെ മനുഷ്യ വിഭവശേഷം ഇന്നത്തെ രീതിയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ വിദേശ കുടിയേറ്റമാണ് കണക്കാക്കിയിരിക്കുന്നത്.

ജര്‍മനിയിലെ ക്വാളിഫൈഡ് ജീവനക്കാരില്‍ പകുതിയും പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വിരമിക്കും. ബേബി ബൂം കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് ജോലി ചെയ്യാനാവുന്ന പ്രായം പിന്നിടുകയാണെന്നും മുന്നറിയിപ്പ്.

തെക്കന്‍ യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തില്‍നിന്നു കരകയറി വരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്ന് ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍ ഇടിവാണ് വരാന്‍ പോകുന്നത്. യൂറോപ്പിനു പുറത്തുനിന്നു തന്നെയുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ ജര്‍മനി നിര്‍ബന്ധിതമാകുമെന്നാണ് ഇതിനര്‍ഥം.

ഇപ്പോള്‍ 45 മില്യന്‍ ആളുകളാണ് ജര്‍മനിയില്‍ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളത്. കുടിയേറ്റം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇവരുടെ എണ്ണം 2050 ആകുന്നതോടെ 35 ശതമാനം കുറഞ്ഞ് 29 മില്യനിലെത്തും. തൊഴില്‍ മേഘലയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാര്‍ക്ക് ഒപ്പമെത്തുകയും വിരമിക്കല്‍ പ്രായം എഴുപതു വയസാക്കുകയും ചെയ്താല്‍ പോലും 2050 ആകുമ്പോള്‍ 4.4 മില്യന്റെ മാത്രം വര്‍ധനയാണ് ഉണ്ടാകുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍