ട്രാഫോര്‍ഡിലെ മലയാളികള്‍ക്കിടയിലെ ഗാന്ധി ക്ളിഫോര്‍ഡിലെ മലയാളികളെ നയിക്കുമോ?
Friday, March 27, 2015 7:08 AM IST
മാഞ്ചസ്റര്‍: ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ സാബു കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തി}് അനുവദിച്ച രണ്ടു സീറ്റുകളിലൊന്നാണു ട്രാഫോര്‍ഡില്‍ അറിയപ്പെടുന്ന ഗാന്ധി അപരനായ ചാക്കോ ലൂക്ക് മത്സരിക്കുന്നത്. മലയാളിസമൂഹത്തിനു പുറമേ തദ്ദേശിയര്‍ക്കിടയിലും ഗാന്ധിവേഷത്തിലൂടെ സുപരിചിതനാണു ചാക്കോ ലൂക്ക്.

ഇദ്ദേഹത്തിനു പുറമേ ട്രാഫോര്‍ഡ് കൌണ്‍സിലിലെ മറ്റൊരു വാര്‍ഡില്‍ മലയാളിയായ ലിജോ ജോണും മത്സരിക്കും. ട്രാഫോര്‍ഡ് കൌണ്‍സിലിലെ ക്ളിഫോര്‍ഡ് വാര്‍ഡിലാണു ചാക്കോ ലൂക്ക് മത്സരിക്കുന്നത്. ഗോര്‍സ്ഹില്‍ വാര്‍ഡിലാണു ലിജോ അങ്കം കുറിക്കുന്നത്. സാബു കുര്യന്‍ പ്രത്യേക താത്പര്യമെടുത്താണ് മലയാളികള്‍ക്കായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തെക്കൊണ്ടു രണ്ടു സീറ്റുകള്‍ അനുവദിപ്പിച്ചത്.

ലേബര്‍ പാര്‍ട്ടിയുടെ ശക്ത കേന്ദ്രങ്ങളാണിവ. ഇതു തിരിച്ചു പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സ്ഥാനാര്‍ഥികള്‍ക്കുള്ളത്. ആലപ്പുഴ സ്വദേശിയാണ് ചാക്കോ ലൂക്ക്. ട്രാഫോര്‍ഡിലാണു കുടുംബസമേതം താമസിക്കുന്നത്. നാടകത്തിലടക്കം കലാമികവ് പ്രകടമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രിയങ്കരനുമാണ്. മലയാളികളും ഏഷ്യന്‍ വംശജരും ഏറെയുള്ള വാര്‍ഡില്‍ തനിക്കു വിജയ പ്രതീക്ഷയുണ്െടന്നു ചാക്കോ ലൂക്ക് പറഞ്ഞു.

ഏഷ്യന്‍ വംശജര്‍ ഏറെയുള്ള വാര്‍ഡാണു ഗോര്‍സ്ഹില്‍. അതുകൊണ്ടുതന്നെ തികഞ്ഞ വിജയപ്രതീക്ഷയാണു ലിജോയ്ക്ക്. ഇതാദ്യമായാണ് ഈ വാര്‍ഡില്‍ ഒരു ഏഷ്യക്കാരന്‍ മത്സരിക്കുന്നത്. മലയാളി സാന്നിധ്യമാണു ലിജോയുടെ കരുത്തും പ്രതീക്ഷയും.

മേയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മലയാളികളുടെ ശക്തി തെളിയിക്കാനുള്ള സന്ദര്‍ഭമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. മലയാളികള്‍ ഒറ്റക്കെട്ടായിനിന്നാല്‍ ഭാവിയിലും മലയാളികള്‍ക്ക് ശ്രദ്ധേയമായ അവസരമാകും ലഭിക്കുക. പ്രത്യേകിച്ച് സാബു കുര്യന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃനിരയിലുള്ള സാഹചര്യത്തില്‍. ഇക്കുറി വിജയിച്ചില്ലെങ്കില്‍ കൂടി ഭാവിയില്‍ മലയാളികളെ വീണ്ടും പരിഗണിക്കാനുള്ള തരത്തിലുള്ള പിന്തുണയെങ്കിലും ഇവര്‍ക്ക് നേടിയെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞാല്‍ മലയാളികളുടെ രാഷ്ട്രീയഭാവി യുകെയില്‍ ശോഭനമാകും.

തൃശൂര്‍, ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി പോഴോലിപ്പറമ്പില്‍ ജോണ്‍-ലില്ലി ദമ്പതികളുടെ മകനായ ലിജോ ജോണ്‍ പതിനൊന്നു വര്‍ഷമായി യുകെയില്‍ എത്തിയിട്ട്. ഭാര്യ: ലിംന. മക്കള്‍: ക്രിസ്റീന, ജുവാന, ലുസിയാന.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍