സന്തോഷം അളക്കാന്‍ ഹൈ ടെക്നോളജി ഉപകരണം
Tuesday, March 24, 2015 8:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: നിങ്ങള്‍ സന്തോഷത്തോടെയാണോ ജോലി ചെയ്യുന്നത്? അതോ സന്തോഷം അഭിനയിക്കുകയാണോ? ഇക്കാര്യത്തില്‍ ഇനി മുതല്‍ നുണ പറയാന്‍ പറ്റില്ല. ജീവനക്കാരുടെ ജോലിയിലുള്ള സംതൃപ്തി തൊഴിലുടമയ്ക്ക് ഒരു ഉപകരണത്തിലൂടെ അറിയാം. ജപ്പാനിലെ പ്രമുഖ കമ്പനി ഹിറ്റാച്ചി ഹൈ ടെക്നോളജിയാണു സന്തോഷമളക്കാനുള്ള പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തില്‍ ടാഗ് രൂപത്തില്‍ ശരീരത്തില്‍ ധരിക്കാവുന്നതാണ് ഈ ഉപകരണം. ഇതിലെ സെന്‍സര്‍ ഉപകരണം ധരിച്ചയാള്‍ ഇരിക്കുകയാണോ, നില്‍ക്കുകയാണോ ടൈപ്പ് ചെയ്യുകയാണോ തുടങ്ങിയവയെല്ലാം റിക്കാര്‍ഡ് ചെയ്യും. ഇയാള്‍ ആരോട്, എത്രനേരം സംസാരിക്കുന്നു എന്നതെല്ലാം ഈ ഉപകരണം ശേഖരിക്കും. എന്നാല്‍, ഒരാളുടെ മനസ് പൂര്‍ണമായി അളക്കാന്‍ ഉപകരണത്തിനു കഴിയുകയില്ലെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉപകരണം ശേഖരിച്ച ഡാറ്റാ ബേസ് യൂണിറ്റിലേക്ക് അയച്ച് അവിടെയാണ് ഒരാളുടെ മനസിന്റെ സന്തോഷവും അസംതൃപ്തിയും വിലയിരുത്തുന്നത്. തൊഴിലാളികളെ സംതൃപ്തരാക്കി ഉത്പാദനം കൂട്ടാന്‍ ഉടമകളെ സഹായിക്കുകയാണു ലക്ഷ്യമെന്നാണു ഹിറ്റാച്ചി പുതിയ ഉപകരണത്തെക്കുറിച്ച് പറയുന്നത്. ഏപ്രിലില്‍ ഈ ഉപകരണം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കെത്തും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍