ഖത്തര്‍ ലോകകപ്പ് ഫൈനല്‍ 2022 ഡിസംബര്‍ 18ന്
Saturday, March 21, 2015 8:30 AM IST
ബര്‍ലിന്‍: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ ഡിസംബര്‍ പതിനെട്ടിനായിരിക്കുമെന്ന് ഫിഫാ പ്രഖ്യാപിച്ചു. സാധാരണഗതിയില്‍ വേനല്‍ക്കാലത്ത് നടത്തിവരുന്ന ടൂര്‍ണമെന്റ് ഖത്തറിലെ കൊടുംചൂട് കണക്കിലെടുത്ത് ശീതകാലത്തേക്കു മാറ്റുന്നതായി കഴിഞ്ഞ മാസം തന്നെ ഫിഫ ടാസ്ക് ഫോഴ്സ് വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ പതിനെട്ടിനു ഫൈനല്‍ നടത്തുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ പരമ്പരാഗത ബോക്സിംഗ് ഡേ ക്ളബ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തടസം വരില്ലെന്നും ഉറപ്പായി. നവംബറിലായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഡിസംബര്‍ പതിനെട്ട് ഖത്തറിന്റെ നാഷണല്‍ ഡേയും ഞായറാഴ്ചയുമാണ്.

അതേസമയം, നവംബര്‍ - ഡിസംബര്‍ സമയത്ത് ലോകകപ്പു നടത്തുന്നത് യൂറോപ്യന്‍ ക്ളബ് ഫുട്ബോള്‍ കലണ്ടര്‍ പൂര്‍ണമായി പൊളിച്ചെഴുതാന്‍ ഇടയാക്കും. ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ഇതു തടസമാകുമെന്ന് ആരോപണമുയരുന്നുണ്ട്.

2019 ലെ വനിതാ ലോകകപ്പ് ഫ്രാന്‍സില്‍ നടത്താനും ഫിഫാ തീരുമാനിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ശക്തമായ മത്സരം അതിജീവിച്ചാണ് ഫ്രാന്‍സിന് നറുക്കു വീണിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍