ജര്‍മനി ഭീകരവിരുദ്ധ സേന രൂപവത്കരിക്കുന്നു
Friday, March 20, 2015 8:17 AM IST
ബര്‍ലിന്‍: ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഭീകരതയെ ചെറുക്കാന്‍ ജര്‍മനി പുതിയ പ്രത്യേക സേന രൂപീകരിക്കുന്നു. ജിഎസ്ജി 9 (ഏടഏ 9) എന്നു നാമകരണം ചെയ്തിരിക്കുന്ന ആന്റി ടെറര്‍ ട്രൂപ്പില്‍ 750 അംഗങ്ങളാണുണ്ടാവുക. ഇതിനായി സര്‍ക്കാര്‍ 328 മില്യന്‍ യൂറോ വകകൊള്ളിച്ച് അനുമതി നല്‍കി. ജര്‍മന്‍ പോലീസിലെയും കുറ്റാന്വേഷണ വിഭാഗത്തിലെയും വിദഗ്ധരെ കണ്ടെത്തി പരിശീലിപ്പിച്ചായിരിക്കും സേനയുടെ രൂപവത്കരണം. 2016 ഓടുകൂടി സേനയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാകും.

നിലവിലുള്ള ആന്റി ടെറല്‍ സെല്ലിന്റെ പ്രവര്‍ത്തനം അപര്യാപ്തമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ആഭ്യന്തരവകുപ്പിന്റെ വിദഗ്ധന്‍ ആര്‍മീന്‍ ഷുസ്റര്‍(സിഡിയു) മുന്നോട്ടുവച്ച കാര്യങ്ങള്‍ മെര്‍ക്കല്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

1972 ലെ മ്യൂണിക്ക് ഒളിംപിക്സിലെ ഭീകരത ഇപ്പോഴും ജര്‍മനിയെ ഞെട്ടിക്കുന്നതാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും അരങ്ങേറിയ ഭീകരത ജര്‍മനിയില്‍ ഉണ്ടായേക്കുമെന്ന ഭീതിയും ജര്‍മനിയെ പുതിയ സേനാ രൂപീകരണത്തിനു നിര്‍ബന്ധിതമാക്കുന്നു. ഐഎസിന്റെകൂടെ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ ജര്‍മനിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന തിരിച്ചറിവും ആഭ്യന്തരവകുപ്പിനു തലവേദനയാവുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍