റോമിലെ കേരള ലാറ്റിന്‍ ഇടവക ഈസ്റര്‍ ഒരുക്കധ്യാനം നടത്തി
Thursday, March 19, 2015 6:30 AM IST
റോം: മാര്‍ച്ച് 15 ന് (ഞായര്‍) രാവിലെ 9.45നു കുരിശിന്റെ വഴിയോടെ ആരംഭിച്ച റോമിലെ കേരള റീജണ്‍ ലാറ്റിന്‍ ഇടവകയുടെ ഈസ്റര്‍ ഒരുക്ക ധ്യാനം സുപ്രസിദ്ധ ഭക്തിഗാന രചയിതാവും കവിയുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസ് ആണു നയിച്ചത്.

ചങ്കിലെ ചോരകൊണ്ട് പ്രാണനിലെഴുതിയ യേശുവിന്റെ സ്നേഹത്തിന്റെ നേരിനെ ചങ്കൂറ്റത്തോടെ നെഞ്ചിലേറ്റി സാക്ഷ്യംവഹിക്കാനുള്ള ആഹ്വാനമായിരുന്നു വളരെ ശാന്തവും സുന്ദരവുമായ മലയാളത്തില്‍ ഫാ. ജോയി ഇടവകസമൂഹത്തിനു നല്‍കിയത്. തുടര്‍ന്ന് പാഷനിസ്റ് സന്യാസ സഭയുടെ സെക്രട്ടറി ജനറലായ റവ. ഫാ. പോള്‍ ലിയോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യപൂജാമധ്യേ റവ. ഫാ. ജോസഫ് കോച്ചേരി എസ്എസ്സി വചനപ്രഘോഷണം നടത്തി. നോമ്പുകാല സ്നേഹവിരുന്നോടെയാണ് ധ്യാനം സമാപിച്ചത്.

ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ മാര്‍ച്ച് 29 ന് (ഓശാന ഞായര്‍) രാവിലെ 10.30ന് ഒലിവുശാഖ വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ നടക്കും.

ഏപ്രില്‍ അഞ്ചിന് (ഉയിര്‍പ്പു ഞായര്‍): രാവിലെ 10.30ന് ആഘോഷമായ ദിവ്യബലി, ജ്ഞാനസ്നാവ്രത നവീകരണം.

മാര്‍പാപ്പയുടെ കാര്‍മികത്വത്തിലുള്ള തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരമൊരുക്കുന്നതിനായി ഈ ദേവാലയത്തില്‍ പെസഹാവ്യാഴം, ദുഃഖവെള്ളി എന്നീ ദിനങ്ങളില്‍ തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നു വികാരി ഫാ. ആന്റണി അറയ്ക്കല്‍ അറിയിച്ചു.