ഭാര്യയെ സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് യൂറോപ്പിലേക്കു കടത്താന്‍ ശ്രമം
Tuesday, March 17, 2015 8:12 AM IST
വാഴ്സോ: റഷ്യക്കാരിയായ ഭാര്യയെ യൂറോപ്യന്‍ യൂണിയനിലേക്കു കടത്താന്‍ ഫ്രഞ്ചുകാരന്‍ സ്വീകരിച്ചത് വിചിത്രമായ മാര്‍ഗം. ഭാര്യക്കു വീസയില്ലാതിരുന്നതിനാല്‍ സ്യൂട്ട്കേസില്‍ പായ്ക്ക് ചെയ്തു കടത്താനുള്ള ശ്രമം പക്ഷേ പോളിഷ് അതിര്‍ത്തിയില്‍ പൊളിഞ്ഞു.

അതേസമയം, ഇത്തരം പരിപാടികളൊന്നുമില്ലാതെതന്നെ യുവതിക്കു യൂറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു എന്നതാണു വസ്തുത. ഭര്‍ത്താവ് യൂറോപ്യന്‍ പൌരനായതിനാല്‍ വിവാഹത്തിന്റെ രേഖ കാണിച്ചാല്‍ ഭാര്യക്കു വീസയില്ലാതെ യാത്ര ചെയ്യാവുന്ന ഷെങ്കന്‍ ഏരിയയില്‍ നിയമപരമായിത്തന്നെ പ്രവേശിക്കാമായിരുന്നു.

എന്നാല്‍, അറുപതു വയസുള്ള ഭര്‍ത്താവിന് ഇതെക്കുറിച്ചു ധാരണയില്ലായിരുന്നു. മുപ്പതു വയസുള്ള സ്ത്രീക്ക് സ്യൂട്ട്കേസില്‍ കഴിഞ്ഞിട്ടും ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചോദ്യംചെയ്യലിനു ശേഷം ഇരുവരെയും വിട്ടയച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍