ലണ്ടനില്‍ എട്ടാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി
Tuesday, March 17, 2015 6:06 AM IST
ന്യുഹാം: ലണ്ടനില്‍ എട്ടാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി. ലണ്ടനിലെ ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ ശ്രീഭഗവതിയുടെ നടയില്‍നിന്നു മേല്‍ശാന്തി നാഗനാഥ ശിവഗുരുക്കള്‍ പൊങ്കാലയ്ക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റേഴ്സ് സംഘടന) ചെയറും മുഖ്യ സംഘാടകയുമായ ഡോ. ഓമന ഗംഗാധരനു നല്‍കിക്കൊണ്ട് പൊങ്കാലയ്ക്കു നാന്ദി കുറിച്ചു.

ഈസ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പിളിന്റെ ആദിപരാശക്തിയായ ജയദുര്‍ഗയുടെ നടയിലെ വിളക്കില്‍നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാദികളോടെ എത്തിയ ദേവീഭക്തരുടെ താലത്തിലേക്ക് തുടര്‍ന്ന് ദീപം പകര്‍ന്നു നല്‍കി. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വച്ചു കൊണ്ടാണു ഭദ്രദീപം യാഗാര്‍പ്പണ പീഠത്തിലെത്തിച്ചത്.

ദേവീഭക്തര്‍ നിവേദ്യമായി കൊണ്ടുവന്ന അരി, ശര്‍ക്കര,നെയ്യ്, മുന്തിരി, തേങ്ങ തുടങ്ങിയവ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വെവ്വേറെ പാത്രങ്ങളിലല്ലാതെ ഒറ്റ പാത്രത്തില്‍ തയാറാക്കുന്നതാണു ലണ്ടനിലെ അനുഷ്ടാനത്തെ വ്യത്യസ്തമാക്കുന്നത്. ആറ്റുകാല്‍ ഭഗവതിഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസംതന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ പതിവു തെറ്റിക്കാതെ പൊങ്കാല അര്‍പ്പിച്ചു പോരുന്നത്.

ഡോ. ഓമനയില്‍നിന്നു പൂജാരി ഭദ്രദീപം സ്വീകരിച്ചു പൊങ്കാലയടുപ്പില്‍ തീ പകര്‍ന്നു. വിശാലമായ ശ്രീകോവിലിലെ പ്രത്യേകം തയാറാക്കിയ ഹോമ കുണ്ഡത്തിലാണു യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം പാകമായതിനുശേഷം ദേവീ ഭക്തര്‍ക്കു പൊങ്കാല പഞ്ച നൈവേദ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോറ്, മണ്ടപ്പുറ്റ് (രോഗശാന്തിക്കായുള്ള നേര്‍ച്ച) വെള്ളച്ചോര്‍, തെരളി, പാല്‍പ്പായസം എന്നിവയാണു പഞ്ച നൈവേദ്യ വിഭവങ്ങള്‍ ആയി വിതരണം ചെയ്തത്.

ലണ്ടനിലെ പൊങ്കാല ആചരണം ഭാവിയില്‍ ബ്രിട്ടനിലെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും അനുഗ്രഹദായകമായ ഒരു ചടങ്ങായി മാറും എന്നും നാടിന്റെ നന്മക്കായി ഈ പുണ്യ യാഗം ഫലവക്താകട്ടെ എന്നും ഡോ. ഓമന ഗംഗാധരന്‍ ആശംശിച്ചു. തുടര്‍ന്ന് പുണ്യ യാഗം വിജയിപ്പിച്ച സംഘാടകരായ 'ബോണ്‍' മെംബര്‍മാര്‍ക്കും പങ്കാളികളായ എല്ലാ ദേവീഭക്തര്‍ക്കും നന്ദിയും നന്മകളും നേര്‍ന്നു.

ജാതി-മത-ഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന മുന്നൂറോളം ദേവീ ഭക്തര്‍ക്ക് കേരള തനിമയില്‍ അന്നദാനമായി ഊണും പഞ്ച നൈവേദ്യ വിഭവങ്ങളും പിന്നീടു നല്‍കി. ദേവീപ്രീതിക്കായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ദേവീഭക്തര്‍ക്കൊപ്പം വെയില്‍സ്, സ്കോട്ലന്‍ഡ് തുടങ്ങി ദൂരസ്ഥലങ്ങളില്‍നിന്നു പോലും ധാരാളം സ്ത്രീകള്‍ പൊങ്കാലയില്‍ ഭാഗഭാക്കായി. പൊങ്കാല ആഘോഷത്തിലേക്ക് എത്തുന്നവര്‍ക്ക് വരവേല്‍പ്പ് ആശംസിക്കാനായി ഒരുക്കിയ 'കോലം' ഏറെ മനോഹരവും ശ്രദ്ധേയവും ആയിരുന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ