സിബിറ്റ് എക്സിബിഷന്‍ മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു; ഹാനോവര്‍ ലോകത്തിന്റെ ഐടി തലസ്ഥാനം
Monday, March 16, 2015 8:22 AM IST
ഹാനോവര്‍: ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍ ഐടി ഫെയര്‍ സിബിറ്റ് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ചൈനാ ഉപപ്രധാനമന്ത്രി മാ കായി, ആലിബാബാ സ്ഥാപകന്‍ ജാക് മാ എന്നിവര്‍ സംയുക്തമായി മാര്‍ച്ച് 15 ന് (ഞായര്‍) വൈകുന്നേരം ആറിനു ഹാനോവറില്‍ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ചയാണ് മേളയുടെ ഔദ്യോഗിക തുടക്കം. ഡി കൊണോമി (ദി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍) എന്നതാണ് ഇത്തവണത്തെ സിബിറ്റ് മോട്ടോ. ഇതോടെ ഹാനോവര്‍ ലോകത്തിന്റെ ഐടി തലസ്ഥാനമായി ഇക്കുറിയും മാറി.

നീഡര്‍സാക്സന്‍ സംസ്ഥാനമുഖ്യമന്ത്രി സ്റെഫാന്‍ വൈയ്ല്‍, ബിറ്റ്കോം ചെയര്‍മാന്‍ പ്രഫ. ഡീറ്റര്‍ കെംപ്ഫ്, സ്റെഫാന്‍ ഷോസ്റോക്, പ്രഫ.ഡോ.മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം 2000ഓളം ക്ഷണിക്കപ്പെട്ടവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

ജര്‍മനിയും ചൈനയും തമ്മിലുള്ള വ്യാപാരത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത്തവണത്തെ മേളയില്‍ കാണുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏഴു തവണ ചൈന സന്ദര്‍ശിച്ചിട്ടുണ്ട് മെര്‍ക്കല്‍. അറുനൂറോളം ചൈനീസ് കമ്പനികള്‍ സാന്നിധ്യമറിയിക്കുന്ന മേളയില്‍ ചൈനയുടെ ഉപപ്രധാനമന്ത്രി മാ കൈ നേരിട്ടു പങ്കെടുക്കുന്നു എന്ന സവിശേഷതയും ഇത്തവണ പ്രാധാന്യമര്‍ഹിക്കുന്നു..

ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പാര്‍ട്ണര്‍ രാജ്യം ചൈനയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 2,50,000 ഐടി പ്രഫഷണലുകള്‍ മേളയില്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ മുതല്‍ സ്റാര്‍ട്ടപ്പ് വരെയുള്ളവരാണു പ്രദര്‍ശനങ്ങളൊരുക്കുന്നത്.

എന്നാല്‍, ചൈനയെ ഇത്തവണ പങ്കാളിത്ത രാജ്യമാക്കിയതിനു ഹാനോവറിലെ എക്സിബിഷന്‍ പരിസരത്ത് മുദ്രാവാക്യങ്ങളും പ്ളാക്കാര്‍ഡുകളുമേന്തി ഒരുകൂട്ടം ജനങ്ങള്‍ പ്രതിഷേധപ്രകടനവും നടത്തി.

70 ല്‍ അധികം രാജ്യങ്ങളില്‍നിന്നായി 3400ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചിയിലെ കാല്‍പ്പിന്‍, ആദിത് മൈക്രോസിസ്, 3 ഇ ഐറ്റി സൊല്യൂഷന്‍സ്, ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെക്നോകുസ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് എന്നിവ ഉള്‍പ്പടെ 40 ഓളം കംപ്യൂട്ടര്‍ കമ്പനികള്‍ മേളയില്‍ പ്രദര്‍ശകരായി എത്തിയിട്ടുണ്ട്. ഹാള്‍ 6 ലാണ് ഇന്ത്യന്‍ പവലിയന്‍.

യുഎസ്, യുകെ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് ജര്‍മനി. ഇവര്‍ പ്രതിവര്‍ഷം 600 ബില്യന്‍ യൂറോ മതിക്കുന്ന കയറ്റുമതിയാണ് ജര്‍മനിയിലേക്കു നടത്തുന്നത്.

55 രാജ്യങ്ങളില്‍നിന്നുള്ള 5100 ഓളം മാധ്യമപ്രതിനിധികള്‍ മേള ലോകത്തെ അറിയിക്കാന്‍ ഹാനോവറില്‍ എത്തിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെയാണു സന്ദര്‍ശനസമയം. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ സന്ദര്‍ശകര്‍ ഇക്കുറി പ്രദര്‍ശനം കാണാന്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഹാനോവറിലെ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേള മാര്‍ച്ച് 20 ന് (വെള്ളി) സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍