സാംസംഗ് ഗാലക്സി എസ് 6 എത്തി ; വളവുള്ള സ്ക്രീന്‍ സവിശേഷതയില്‍
Monday, March 2, 2015 8:32 AM IST
ബാഴ്സലോണ: സാംസംഗിന്റെ അടുത്ത സ്വപ്ന പദ്ധതിയായ ഗാലക്സി എസ് 6 ന്റെ 2 മോഡലുകള്‍ പുറത്തിറക്കി. വശങ്ങളിലേക്കു സ്ക്രീന്‍ വളഞ്ഞുപോകുന്നതാണ് ഇതിലൊരു മോഡല്‍. ഇരു മോഡലുകളും തമ്മിലുള്ള ഏക വ്യത്യാസം ഇതായിരിക്കും. മറ്റു സ്പെസിഫിക്കേഷനുകളെല്ലാം സമാനം. വളഞ്ഞ സ്ക്രീനുള്ളതിനു വില അല്പം കൂടുകയും ചെയ്യും.

പല രാജ്യങ്ങളില്‍ ഗാലക്സി എസ് 5 പ്രതീക്ഷിച്ചത്ര വിറ്റുപോകാത്തതിനാല്‍ ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ശക്തമായ വെല്ലുവിളിയാണു സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസംഗിന് ഉയര്‍ത്തിയത്. എസ് 6 ലൂടെ അപ്രമാദിത്വം തിരിച്ചുപിടിക്കാമെന്നു കമ്പനി കണക്കുകൂട്ടുന്നു.

സ്പെയ്നിലെ ബാഴ്സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു മുന്നോടിയായാണു പുതിയ മോഡലുകള്‍ പുറത്തിറക്കിയത്. യുകെ അടക്കം ഇരുപതു രാജ്യങ്ങളില്‍ ഏപ്രില്‍ പത്തു മുതല്‍ ഇതു വിപണിയിലിറങ്ങും.

പ്ളാസ്റിക്കിനു പകരം മെറ്റല്‍ ഫ്രെയിമും ഗ്ളാസില്‍ തീര്‍ത്ത പിന്‍ഭാഗവുമാണു പുതിയ മോഡലുകള്‍ക്ക്. എന്നാല്‍, ഈ മോഡല്‍ വാട്ടര്‍പ്രൂഫ് ആയിരിക്കില്ല. അധിക സ്റോറേജിനുള്ള മൈക്രോ എസ്ഡി സ്ളോട്ട് ഒഴിവാക്കി. ബാറ്ററി മാറ്റാന്‍ പിന്നിലെ കവര്‍ ഊരിയെടുക്കാനും സാധിക്കില്ല.

ലഭ്യമായ സാങ്കേതികവിദ്യ മുഴുവന്‍ കുത്തിനിറച്ചതാണ് എസ് 4നും എസ്5നും പറ്റിയ പ്രശ്നങ്ങളിലൊന്ന് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സാങ്കേതികത മാത്രമാണ് എസ് 6 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതത്രേ. എന്നാല്‍, വശങ്ങളിലേക്കു വളയുന്ന ഡിസ്പ്ളേ ഗിമ്മിക്കനുപ്പറം ഒന്നുമല്ലെന്ന വിമര്‍ശനവും ഉയരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍