ഉഗാണ്ടയില്‍ കേരള സമാജം ക്രിക്കറ്റ് ടൂര്‍ണമെന്റ്: ബുഗോലോബി സ്ട്രിക്കേഴ്സിനു കിരീടം
Thursday, February 26, 2015 7:16 AM IST
കംപാല: കേരള സമാജം ഉഗാണ്ട, സമാജം അംഗങ്ങള്‍ക്കുവേണ്ടി ഇന്റര്‍ ഏരിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 22 ന് (ഞായര്‍) കംപലയിലെ സിറ്റി ഹൈസ്കൂളില്‍ നടത്തി.

സമാജം രക്ഷാധികാരി ശശി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ്ചെയര്‍മാന്‍ ഹരീഷ്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ കംപലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒമ്പതു ടീമുകള്‍ പങ്കെടുത്തു.

ആവേശകരമായ ഫൈനലില്‍ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി, ബുഗോലോബി സ്ട്രിക്കേഴ്സ്, ഡ്രഗ് റണ്ണേഴ്സിനെ മൂന്ന് റണ്‍സിനു തോല്‍പ്പിച്ച് പ്രഥമ കിരീടം സ്വന്തമാക്കി.

സമാജം അംഗവും ഉഗാണ്ടയിലെ ഡിടിബി ബാങ്ക് സിഇഒയുമായ വര്‍ഗീസ് തമ്പി അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ സമാജം രക്ഷാധികാരി ശശി നായര്‍, ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ്ചെയര്‍മാന്‍ ഹരീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിജയികള്‍ക്കുള്ള ട്രോഫി ബുഗോലോബി സ്ട്രിക്കേഴ്സിനുവേണ്ടി ക്യാപ്റ്റന്‍ ഷിന്റോ വര്‍ഗീസ് ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഡ്രഗ് റണ്ണേഴ്സ് ക്യാപ്റ്റന്‍ സഞ്ജുവും ഏറ്റുവാങ്ങി.

ടൂര്‍ണമെന്റിലെ മികച്ച ബറ്റ്സ്മാനായി സോണി വര്‍ഗീസും മികച്ച ബൌളറായി ശിവകുമാറും മാന്‍ ഓഫ് ദി സീരീസ് ആയി സിജി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിന്റോ വര്‍ഗീസ്